Newsofkeralam | a online news portal

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വോട്ടവകാശത്തിന്റെ സംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കണ്ണൂരിൽ ‘നൈറ്റ് വാച്ച്’ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത് അറിയിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ സംബന്ധിച്ച് ഉയർന്നിരിക്കുന്ന ഗുരുതരമായ ആശങ്കകൾ പരിഹരിക്കണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിവിധ ഘട്ടങ്ങളിൽ എതിർപ്പുകൾ രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിഷയത്തിൽ സമഗ്രമായ പരിശോധനയും സുതാര്യതയും അനിവാര്യമാണ്.ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങളിൽ സംശയം ഉയരുന്ന സാഹചര്യം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് എസ്ഡിപിഐയുടെ ആവശ്യം. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രത സംരക്ഷിക്കാനും വോട്ടവകാശം ഉറപ്പാക്കാനും ജനാധിപത്യ വിശ്വാസികളാകെ പ്രതിഷേധത്തിൽ പങ്കാളികളാകണമെന്ന് മുസ്തഫ നാറാത്ത് അഭ്യർത്ഥിച്ചു.
Comments