Newsofkeralam | a online news portal
കണ്ണൂർ: പുതുയുഗ യാത്രയിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പറഞ്ഞ കാര്യങ്ങൾ ഓരോന്നായി നടപ്പാക്കും. വാക്ക് വാക്കാണ് . വാക്കിനാണ് വില— മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ഡി.സി.സി. നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുന്ന സർക്കാരാണ് യു.ഡി.എഫിന്റേത്. അതിന് കൃത്യമായ ഗൃഹപാഠം ചെയ്ത് മുന്നോട്ടു പോകും. ആരെയും നിരാശരാക്കില്ല. എല്ലാ കാര്യങ്ങളും വിവാദമാക്കി സർക്കാരിനെ പിന്നോട്ടടിപ്പിക്കാമെന്ന ധാരണ ആർക്കും വേണ്ട. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ ആവശ്യങ്ങൾ, പ്രിയദർശിനി ബസ് യാത്രാ പദ്ധതി എന്നിവ ആദ്യഘട്ടത്തിൽ തന്നെ നടപ്പാക്കി. അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങളും ക്ഷേമപെൻഷനും പരിഗണിച്ച് നടപടിയെടുത്തു. മട്ടന്നൂരിൽ ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീ തന്റെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതും പരിഹരിക്കും. ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്ന സർക്കാരായിരിക്കും യു.ഡി.എഫ്. സർക്കാരെന്നും വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ സർക്കാർ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ തകർത്തു. ഖജനാവ് കാലിയാക്കി. മുൻ സർക്കാരുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകാൻ യുഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചു. ജനങ്ങളുടെ സങ്കടങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന സർക്കാരാണിത്. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിന്റെ വികസനത്തിന് പ്രത്യേക മുൻഗണന നൽകും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലവിലെ സ്ഥിതി പരമദയനീയമാണ്. ഒരു വർഷത്തിനകം വിമാനത്താവളത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്ന തരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കേരളത്തെ തുറമുഖ നഗരമാക്കുന്നതിനും കാർഷികമേഖലയിൽ പുനരുജ്ജീവനം കൊണ്ടുവരുന്നതിനും സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ രക്തസാക്ഷികളെയും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയവരെയും അവരുടെ ത്യാഗങ്ങളെയും ഒരിക്കലും മറക്കാനാകില്ല. അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്നത്തെ വിജയം. ചിലതൊക്കെ ഓർമയിലുണ്ട്. പോട്ടെ എന്നു വെച്ച് മറക്കാൻ നമുക്ക് കഴിയില്ല. പറ്റില്ല; എനിക്കങ്ങനെ മറക്കാൻ പറ്റില്ല മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.വി.എ നാരായണൻ, അഡ്വ.സോണി സെബാസ്റ്റ്യൻ, അഡ്വ. ടി. ഒ മോഹനൻ എം എൽ എ, മേയർ അഡ്വ. പി ഇന്ദിര, പി ടി മാത്യു, പ്രൊഫ എ ഡി മുസ്തഫ, സജീവ് മാറോളി, റിജിൽ മാക്കുറ്റി,എൻ പി ശ്രീധരൻ , രാജീവൻ എളയാവൂർ,കെ പ്രമോദ് , അമൃത രാമകൃഷ്ണൻ,വി.പി അബ്ദുൾ റഷീദ്, വിജിൽ മോഹൻ, ജോസ് ജോർജ് പ്ലാത്തോട്ടം, വി വി പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.

Comments