ഓമനപ്പുഴ ബീച്ച് വിനോദസഞ്ചാര കേന്ദ്രമാക്കും: പി പി ചിത്തരഞ്ജൻ എംഎൽഎ; പാതിരപ്പള്ളി ബീച്ച്-ഓമനപ്പുഴ റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഓമനപ്പുഴ ബീച്ച് ഭാവിയിൽ വലിയ വികസന സാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ടൂറിസം വികസനത്തിനായുള്ള പദ്ധതികൾ സർക്കാരിൻ്റെ ആലോചനയിലാണെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ആലപ്പുഴ വികസനാരവത്തിന് തുടക്കം കുറിച്ചുകൊണ്ട് പാതിരപ്പള്ളി ബീച്ച് - ഓമനപ്പുഴ റോഡിന്റെ ഉദ്ഘാടനം പാതിരപ്പള്ളി ബീച്ചിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.
ബീച്ച് വികസനം വഴി ഹോം സ്റ്റേകൾ, ചെറുകിട വ്യാപാരങ്ങൾ എന്നിവയിലൂടെ നാട്ടുകാർക്ക് വരുമാനം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുമെന്നും എംഎൽഎ പറഞ്ഞു. ആലപ്പുഴ വികസനാരവത്തിൻ്റെ ഭാഗമായി പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പൂർത്തീകരണ, നിർമ്മാണ ഉദ്ഘാടനങ്ങൾക്ക് പാതിരപ്പള്ളി ബീച്ച് - ഓമനപ്പുഴ റോഡ് ഉദ്ഘാടനത്തോടെ തുടക്കമായി. മണ്ഡലത്തിൽ നടപ്പിലാക്കിയ റോഡുകൾ, സർക്കാർ ഓഫീസുകൾ, സ്റ്റേഡിയങ്ങൾ, വായനശാലകൾ തുടങ്ങി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഭാവി വികസന ചർച്ചകൾക്കായുള്ള കൂട്ടായ്മയുമാണ് വികസനാരവത്തിലൂടെ സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി സ്നേഹജൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം എസ് അരുൺ, പൊതുപ്രവർത്തകരായ ജയൻ തോമസ്, പി ജി രാധാകൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments