പിടിച്ചെടുത്ത ലോറികൾ വിട്ട് നൽകുന്നതിന് മൂന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസർ വിജിലൻസ് പിടിയിൽ.
ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ്, സ്ക്രാപ്പ് ലോഡുമായി പിടിച്ചെടുത്ത പരാതിക്കാരൻ പാർട്ണറായുള്ള സ്ക്രാപ്പ് ബിസിനസ് സ്ഥാപനത്തിന്റെ രണ്ട് ലോറികൾ വിട്ടു കൊടുക്കുന്നതിന് പരാതിക്കാരനിൽ നിന്നും മൂന്നര ലക്ഷം (3,50,000/-) രൂപ കൈക്കൂലി വാങ്ങിയ വാളയാർ ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എൻഫോഴ്സ്മെന്റ് ഓഫീസറും പാലക്കാട് കുരുടിക്കാട് സ്വദേശിയുമായ സുമൻ.പി.എൻ നെ വിജിലൻസ് ഇന്ന് (25.01.2026) കൈയ്യോടെ പിടികൂടി. വിജിലൻസ് കൈയ്യോടെ പിടികൂടിയ സമീപകാല ട്രാപ്പ് കേസുകളിൽ ഇത് ഏറ്റവും ഉയർന്ന കൈക്കൂലി തുകയാണ്. പരാതിക്കാരനും സുഹൃത്തും ചേർന്ന് നടത്തുന്ന സ്ക്രാപ്പ് ബിസിനസിൽ വിവിധ ഡീലർമാരിൽ നിന്നും ബിൽ പ്രകാരം ശേഖരിച്ച സ്ക്രാപ്പ് വിൽക്കുന്നതിനായി രണ്ട് ലോറികളിൽ പൊള്ളാച്ചിയിലെ കമ്പനിയിലേക്ക് കൊണ്ട് പോകുന്ന സമയം 06-01-2026 തീയതി കുഴൽമന്ദം വച്ച് ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥർ ലോറികൾ പരിശോധിക്കുകയും വാളയാർ ജി.എസ്.ടി ഓഫീസ് ഗ്രൗണ്ടിൽ കൊണ്ട് പോയി തടഞ്ഞിടുകയും ചെയ്തിരുന്നു. ജി.എസ്.ടി ഉദ്യോഗസ്ഥർ ലോറി ഡ്രൈവർക്ക് ഒരു ഫോൺ നമ്പർ കൊടുത്ത ശേഷം ഓണറോട് ഈ നമ്പരിൽ ബന്ധപ്പെടാൻ പറയണമെന്ന് പറഞ...