കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; ഘാന സ്വദേശിയെ ബെംഗളൂരുവിലെത്തി പിടികൂടി നടക്കാവ് പോലീസ്
കോഴിക്കോട് : കേരളത്തിലേക്ക് എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ സുപ്രധാന കണ്ണി പിടിയില്‍. ഘാന പൗരനായ വിക്ടര്‍ ഡി സാബാ എന്നയാളെയാണ് ബെംഗളൂരുവില്‍ വെച്ച് 150 ഗ്രാം എംഡിഎംഎയുമായി നടക്കാവ് പോലീസ് പിടികൂടിയത്. എംഡിഎംഎ വാങ്ങാനെന്ന വ്യാജേന വേഷം മാറി മയക്ക് മരുന്ന് മാഫിയ സംഘത്തിന്റെ താവളത്തിലെത്തിയ അഞ്ചംഗ അന്വേഷണ സംഘം അതി സാഹസിക നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തോക്ക് ചൂണ്ടിയാണ് കീഴ്‌പ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്ക് മരുന്നും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻ്റിൽ വെച്ച് നവംബർ 28 ന് 58 ഗ്രാം എംഡിഎംഎ പിടിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷ് പികെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരികരിച്ച് തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ എസ്.ബി.കൈലാസനാഥ്, കിരൺ ശശിധർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.കെ.ശശിധരൻ, സീനിയർ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, എം.വി.സജീവൻ,എം കെ ഹരീഷ് കുമാർ, സി. ജിത്തു, വി കെ ബബിത് കുറുമണ്ണിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.കേരളത്തിലേക്ക് മയക്കുമരുന്നുകൾ കടത്തുന്ന നൈജീരിയക്കാരൻ കെൻ എന്നറിയപ്പെടുന്ന എബൂക്ക വിക്ടർ അനയോയെ ഡൽഹി നൈജീരിയൻ കോളനിയിൽ നിന്നും തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.

Comments