കാക്കനാട് ലഹരി മാഫിയക്കെതിരെ എക്സൈസിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഹരി മാഫിയ സംഘത്തിലെ പ്രധാനിയെ പിടികൂടി, പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ അതീവ ആക്രമണ സ്വഭാവമുള്ള സൈബീരിയൻ ഹസ്കി എന്ന വിദേശ ഇനം നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ശ്രമം.





കാക്കനാട് ലഹരി മാഫിയക്കെതിരെ എക്സൈസിന്റെ സർജിക്കൽ സ്ട്രൈക്ക്.  തുതിയൂരിൽ തമ്പടിച്ച് ലഹരി വിൽപ്പന നടത്തി വന്ന ലഹരി മാഫിയ സംഘത്തിലെ പ്രധാനിയെ പിടികൂടി. കാക്കനാട് നിലംപതിഞ്ഞ മുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ യും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ അതീവ ആക്രമണ സ്വഭാവമുള്ള സൈബീരിയൻ ഹസ്കി എന്ന വിദേശ ഇനം നായയെ ഉപയോഗിച്ച് ഇയാൾ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു. തുതിയൂർ സെന്റ് ജോർജ്ജ് കപ്പേള റോഡിലെ ഒരു വീട്ടിൽ ഐ.ടി ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് ഇയാൾ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇൻഫോ പാർക്ക് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡേയ്ക്കും എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിനും സൂചന ലഭിച്ചിരുന്നു. ഇയാൾ തുതിയൂരിൽ  താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും എവിടെയെന്ന് കൃത്യമായി കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല.  ഇയാൾ താമസം തുടങ്ങിയ അന്നു മുതൽ റൂമിന് പുറത്ത് ഇറങ്ങിയിരുന്നില്ല. ഓൺലൈൻ മുഖേന ഭക്ഷണം ഓർഡർ ചെയ്ത്  കഴിച്ചിരുന്ന ഇയാളെ ആരും തന്നെ വീടിന് പുറത്ത് ഇറങ്ങി കണ്ടിട്ടില്ല. പട്ടിയെ പേടിച്ച് ആരും ഇയാളെ അന്വേഷിച്ച് ചെല്ലാറുമില്ല. മയക്ക് മരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകി കഴിഞ്ഞാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകുകയും വീട്ടിൽ വച്ച് തന്നെ ഇടപാട് നടത്തിവരികയുമായിരുന്നു. ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്ഥലത്ത് എത്തിയെങ്കിലും പട്ടിയെ മുറിയിൽ അഴിച്ച് വിട്ടിരിക്കുന്നതിനാൽ അകത്ത് പ്രവേശിക്കുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളുടെ റൂമിൽ പ്രവേശിച്ച എക്സൈസ് സംഘം പട്ടിയെ തന്ത്രപൂർവ്വം മറ്റൊരു മുറിയിലേക്ക് മാറ്റി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. 
മയക്കുമരുന്നിന്റെ ലഹരിയിൽ ആയിരുന്ന പ്രതി പിടിയിലായ ശേഷവും അലറി വിളിച്ചുകൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചു.  എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, സ്ട്രൈക്കിംഗ് ഫോഴ്സ് ഇൻസ്പെക്ടർ സിജോ വർഗ്ഗീസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി, സ്പെഷ്യൽ സ്ക്വാഡ് സി ഇ ഒ ടി.ആർ അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്  ചെയ്തു.

 

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.