പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കിടെ പ്രാഥമിക ശുശ്രൂഷ നൽകി കുഞ്ഞിന് രക്ഷകനായി മയ്യിൽ പോലീസ് സ്റ്റേഷനിലെ മുഹമ്മദ് ഫാസിൽ; യാദൃശ്ചികമായി കുഞ്ഞിന് കാവലാളായ പോലീസുകാരന് ആദരവുമായി നാട്
കണ്ണൂര്‍ : മയ്യില്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ. മുഹമ്മദ് ഫാസില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായാണ് കഴിഞ്ഞ ദിവസം കമ്പില്‍ പാട്ടയം എന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ ആ യാത്ര ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാനുളള നിമിത്തമായി. യാത്രചെയ്ത ഇരുചക്രവാഹനം റോഡരികിലെ ഒരു വീട്ടില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് മുഹമ്മദ് ഫാസില്‍ പാസ്പോര്‍ട്ട് അപേക്ഷയിലെ വിലാസം തെരഞ്ഞ് പോയത്. തിരികെ വാഹനത്തിന് സമീപത്തേക്ക് നടക്കവെ ആ വീട്ടില്‍ നിന്ന് കൂട്ട നിലവിളി ഉയരുന്നത് ഇദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെട്ടു. ഓടി അടുത്തെത്തിയപ്പോള്‍ ഒമ്പത് മാസം മാത്രം പ്രായമുളള ആണ്‍കുഞ്ഞ് ശ്വാസം നിലച്ച് അനക്കമറ്റ് കിടക്കുന്നത് കണ്ടു.
മാതാവും മറ്റുളളവരും നിസ്സഹായരായി നിലവിളിക്കെ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു നിമിഷം പാഴാക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അനക്കമറ്റ കുഞ്ഞിനെ കൈയ്യില്‍ വാങ്ങി പ്രാഥമിക ശുശ്രൂഷ നല്‍കി. അല്‍പസമയത്തെ പരിശ്രമത്തില്‍ തന്നെ കുഞ്ഞൊന്നു ഞെട്ടി. ചെറിയൊരു ഞെരക്കം കേട്ടപാടെ കുഞ്ഞിനെ തോളിലെടുത്ത് ഇരുചക്രവാഹനത്തില്‍ അയല്‍വാസിയുടെ സഹായത്തോടെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അധികസമയം തുടര്‍ച്ചയായി കരഞ്ഞ് ശ്വാസം നിലച്ചുപോയതാണെന്ന് വീട്ടുകാരറിയിച്ച വിവരം ഡോക്ടറെ ധരിപ്പിച്ചു. ഉടനടി ചികില്‍സ നല്‍കി ഡോക്ടര്‍മാര്‍ കുഞ്ഞിനെ സാധാരണ നിലയിലേക്കെത്തിച്ച് മാതാവിന് കൈമാറി. ചിരിച്ചുകളിച്ചു നിന്ന പൊന്നോമന ഒന്നു കരഞ്ഞ് നിശ്ചലനായിപ്പോയതിന്‍റെ ആഘാതത്തില്‍ സര്‍വ്വവും തളര്‍ന്നുപോയ വീട്ടുകാരുടെ മുന്നിലേയ്ക്കാണ് മുഹമ്മദ് ഫാസില്‍ .കെ എന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഓടിയെത്തിയത്. പ്രതികൂല സാഹചര്യത്തില്‍ മന:സാന്നിധ്യം കൈവിടാതെ നിശ്ചയദാര്‍ഢ്യത്തോടെ പ്രാഥമിക ശുശ്രൂഷ നല്‍കിയതിനാല്‍ മറ്റ് അപകടങ്ങളില്ലാതെ കുഞ്ഞ് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. മറ്റൊരു ഡ്യൂട്ടിക്കെത്തി യാദൃശ്ചികമായി കുഞ്ഞിന് കാവലാളായ പോലീസുകാരന് ആദരവുമായി വൈകിട്ടോടെ ഒരു നാട് തന്നെ സ്റ്റേഷനിലേയ്ക്കെത്തി. നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് മുഹമ്മദ് ഫാസിലിന് മൊമെന്‍റോ സമ്മാനിച്ചു. 2015 സെപ്റ്റംബറില്‍ സര്‍വ്വീസില്‍ പ്രവേശിച്ച മുഹമ്മദ് ഫാസില്‍.കെ ആറുമാസമായി മയ്യില്‍ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നു. പട്ടാനൂര്‍ ചിത്രാരി സ്വദേശിയാണ്.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം കണ്ണൂർ ഡെസ്ക്.

Comments