കള്ള് ഷാപ്പിൽ മുതിർന്നവർ കുട്ടികളോടൊത്ത് മദ്യം കഴിക്കുന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ഷാപ്പ് ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരെ എക്സൈസ് കേസ് എടുത്തു.
ആലപ്പുഴ : കള്ള് ഷാപ്പിൽ മുതിർന്നവർ കുട്ടികളോടൊത്ത് മദ്യം കഴിക്കുന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ഷാപ്പ് ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരെ എക്സൈസ് കേസ് എടുത്തു. ആലപ്പുഴ കുട്ടനാട് റേഞ്ചിലെ TS No. 93 മീനപ്പള്ളി കള്ള് ഷാപ്പിൽ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കുട്ടനാട് റേഞ്ച് ഇൻസ്‌പെക്ടർ മഹേഷും സംഘവും ഷാപ്പ് പരിശോധിക്കുകയും വീഡിയോയിലെ ദൃശ്യങ്ങൾ അവിടെ വച്ച് തന്നെയാണെന്നുള്ള ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ലൈസൻസി അമ്പലപ്പുഴ സ്വദേശി ചന്ദ്രബോസ്, നടത്തിപ്പ് ചുമതല വഹിച്ചിരുന്ന കുട്ടനാട് സ്വദേശി ജ്യോതിസ് എന്നിവരാണ് പ്രതികൾ. കുട്ടികൾക്ക് മദ്യം നൽകിയവരെക്കുറിച്ചും വീഡിയോ ദൃശ്യങ്ങൾ പകർത്തി നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകിയ ആളുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

Comments