ഓണക്കാലത്തെ ലഹരി വില്പന തടയുന്നതിന് ആരംഭിച്ചിട്ടുള്ള എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ എറണാകുളത്തും തിരുവനന്തപുരത്തും മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി: കേരളത്തിൽ നിന്ന് ബാംഗ്ലൂരിലും മറ്റും പഠനത്തിന് എത്തുന്ന വിദ്യാർത്ഥികളെ മയക്കുമരുന്ന് വിൽപ്പനക്കാർ കെണിയിലാക്കുകയും പിന്നീട് അവരെ ക്യാരിയർ ആയി ഉപയോഗിച്ച് രഹസ്യമായി മയക്കുമരുന്ന് കടത്തുകയുമാണ് സഫീർ പി.എസ് ചെയ്യുന്നത്. Crime News
ഓണക്കാലത്തെ ലഹരി വില്പന തടയുന്നതിന് ആരംഭിച്ചിട്ടുള്ള എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ എറണാകുളത്തും തിരുവനന്തപുരത്തും മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി.
കൊച്ചി മട്ടാഞ്ചേരിയിൽ എക്സൈസ് ഇൻസ്പെക്ടർ എ.എസ് ജയൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 111. 2 ഗ്രാം എം.ഡി.എം.എ , 10 ഗ്രാം കഞ്ചാവ്, 4 ലക്ഷം രൂപ വിൽപ്പന പണം എന്നിവ സഹിതം ഒരാളെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീർ.പി.എസ് (30) ആണ് പിടിയിലായത്. ഗ്രാമിന് 3000/- രൂപ നിരക്കിൽ ബാഗ്ലൂരിൽ നിന്ന് എം.ഡി.എം.എ വാങ്ങി കൊച്ചിയിൽ കൊണ്ട് വന്ന് 4000 രൂപ മുതൽ 6000 രൂപ വരെ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഡി.ജെ പാർട്ടികളിൽ ഏറെ ഡിമാൻഡ് ഉള്ള മയക്കുമരുന്നാണിത്. ആവശ്യക്കാർ കൂടുന്നതനുസരിച്ച് ഇതിന്റെ വിലയും കൂടും. കേരളത്തിൽ നിന്ന് ബാംഗ്ലൂരിലും മറ്റും പഠനത്തിന് എത്തുന്ന വിദ്യാർത്ഥികളെ മയക്കുമരുന്ന് വിൽപ്പനക്കാർ കെണിയിലാക്കുകയും പിന്നീട് അവരെ ക്യാരിയർ ആയി ഉപയോഗിച്ച് രഹസ്യമായി മയക്കുമരുന്ന് കടത്തുകയുമാണ് ചെയ്യുന്നത്. ഇടനിലക്കാരെ ഉപയോഗിച്ചുള്ള കടത്ത് ആയിരുന്നതിനാൽ മാസങ്ങളോളം എക്സൈസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഓണക്കാലത്ത് വിറ്റഴിക്കാനാണ് വൻ തോതിൽ എം.ഡി.എം.എ ശേഖരിച്ചു വച്ചിരുന്നത്. ഇയാളുടെ ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
റെയ്‌ഡിൽ പ്രിവൻ്റീവ് ഓഫീസർ കെ.പി. ജയറാം ,സിവിൽ എക്സൈസ് ഓഫിസർമാരായ റിയാസ്, ശരത്ത്.എസ്, ടോണി ഹെസക്കിയേൽ,വനിത സിവിൽ എക്സൈസ് ഓഫീസറായ കനക എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരത്ത്, ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി, വിഴിഞ്ഞം കോവളം ഭാഗത്തു നിന്നും 14.94 ഗ്രാം എം.ഡി.എം.എ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. പട്ടം കുമാരപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീകാന്തിനെയാണ് നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു.എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, പ്രസന്നൻ,അഖിൽ, വനിതാ
സിവിൽ എക്സൈസ് ഓഫീസർ ശാലിനി എന്നിവർ ഉണ്ടായിരുന്നു.

Comments