സേവന പാതയിൽ അഭിമാനത്തോടെ വീണ്ടും സി എച്ച് സെന്റർ എളയാവൂർ; വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ പേരിലുള്ള ഐസിയു ആംബുലൻസ് 29ന് ബുധനാഴ്ച നാടിന് സമർപ്പിക്കും.




കണ്ണൂർ : സേവന പാതയിൽ അഭിമാനത്തോടെ വീണ്ടും സി എച്ച് സെന്റർ എളയാവൂർ. വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ പേരിലുള്ള ഐസിയു ആംബുലൻസ് 29ന് ബുധനാഴ്ച നാടിന് സമർപ്പിക്കുന്നു. ജീവകാരുണ്യ മേഖലയിൽ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കണ്ണൂർ ജില്ലയിലെ എളയാവൂർ സി.എച്ച് സെന്റർ മഹത്തരവും മാതൃകാ പരവുമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ഏറെ പ്രശംസ പിടിച്ചു പറ്റി അതിന്റെ പ്രവർത്തന പാന്ഥാവിൽ മറ്റൊരു പദ്ധതി കൂടി നാടിന് സമർപ്പിക്കുകയാണ്. രണ്ട് വർഷം മുമ്പ് വിടപറഞ്ഞ വി.കെ അബ്ദുൾ ഖാദർ മൗലവിയുടെ സ്മരണാർത്ഥമാണ് ആധുനിക രീതിയിലുള്ള ഐ.സി.യു ആംബുലൻസ് നാടിന് സമർപ്പിക്കുന്നത്. 
മൺമറഞ്ഞുപോയ പല നേതാക്കളുടെയും സ്മരണാർത്ഥം ഇതിനകം എളയാവൂർ സി.എച്ച് സെന്റർ ഇവിടെ നിത്യ സ്മാരകങ്ങൾ സമൂഹത്തിന്‌ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ ഈ മഹത്തായ സംരംഭവും പിറവിയെടുക്കുന്നതെന്ന് സി എച്ച് സെന്റർ അധികൃതർ പറഞ്ഞു. വർദ്ധിച്ചു വരുന്ന അപകടങ്ങളാൽ മനുഷ്യ ജീവന് വെല്ലുവിളി നേരിടുന്ന വർത്തമാന കാല സാഹചര്യത്തിൽ ഇത്തരം സംവിധാനമുള്ള ആംബുലൻസുകളുടെ സേവനം വളരെ വിരളമാണ്. അത്യാസന്ന നിലയിൽ മരണം മുഖാമുഖം കാണുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളെ അത്യാധുനിക സംവിധാനത്തിൽ യഥാസമയം മികച്ച ഹോസ്പിറ്റലുകളിലേക്ക് എത്തിക്കാൻ സാധ്യമാവാതെയും വലിയ സാമ്പത്തിക ബാധ്യത താങ്ങാൻ സാധിക്കാത്ത സാഹചര്യവും നിത്യ കാഴ്ചയാണ്. ഇത്തരുണത്തിൽ ഈയൊരു സംരംഭം സമൂഹത്തിന് വളരെ ആശ്രയമായി മാറും. എളയാവൂർ സി.എച്ച്. സെന്ററിന്റെ കർമ്മ പഥത്തിൽ ബഹുമുഖ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.എച്ച് ഹോസ്പിറ്റലും, ഇ.അഹമ്മദിന്റെ നാമധേയത്തിലുളള മെഡിക്കൽ ബ്ലോക്കും അതിലൂടെ പ്രവർത്തിച്ചു വരുന്ന കാൻസർ പാലിയേറ്റീവും, ശിഹാബ് തങ്ങൾ സെന്റർ ഫോർ റിഹാബിലിറ്റേഷൻ സെന്ററും, പാലിയേറ്റീവ് ഇൻ എന്ന സാന്ത്വന പരിചരണ കേന്ദ്രവും കൗൺസിലിംഗ് സെന്റർ, നിത്യരോഗികൾക്ക് ഏറെ ആശ്രയമായ ജൻ ഔഷധി ഫാർമസിയും, മയ്യിത്ത് പരിപാലന കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററും, ഡിജിറ്റൽ എക്സ്റേ , മെഡിക്കൽ ലബോറട്ടറി സംവിധാനങ്ങളും , കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന ബി.പി. ഫാറൂഖ് മെമ്മോറിയൽ പാലിയേറ്റീവ് ഹോം കെയറും വർത്തമാന കാലത്ത് സമൂഹത്തിന് ആശ്രമായി പ്രവർത്തിച്ചു വരികയാണ്. കൂടാതെ നിരാലംഭരായ നൂറിലേറെ പേരെ ഏറ്റെടുത്ത് പരിപാലിക്കാനുതകുന്ന ആധുനിക രീതിയിൽ സംവിധാനങ്ങളോടെ പണിപൂർത്തീകരിക്കാൻ പോകുന്ന ഹോപ്പ് വാലി എന്ന മഹത്തായ പദ്ധതി കൂടി യാഥാർത്ഥ്യമാവുന്നതോടെ മലബാറിലെ ഏറ്റവും വലിയ ജീവകാരുണ്യ ഹബ്ബായി എളയാവൂർ സി.എച്ച്. സെന്റർ മാറും. ഇപ്പോൾ പുറത്തിറക്കുന്ന ആംബുലൻസിനു പുറമെ നേരത്തേ തന്നെ രണ്ട് ആംബുലൻസുകൾ സർവ്വീസ് നടത്തി വരുന്നുണ്ട്.
എളയാവൂർ സി.എച്ച്. സെന്ററിന്റെ വേറിട്ട പ്രവർത്തനങ്ങളെ തന്റെ ജീവിതാവസാനം വരേയും അനുഗ്രഹിച്ച് ആശിർവദിച്ച മൗലവിയുടെ നൽകുന്ന ആദരവാണ് ഈ ആംബുലൻസ് . ഇതിന്റെ സമർപ്പണം 2023 നവംബർ 29 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് വിപുലമായി നടത്താൻ സി.എച്ച്. സെന്റർ തീരുമാനിച്ചു. പ്രസ്തുത പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക നായകന്മാരും വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ സി.എച്ച്.മുഹമ്മദ് അഷ്റഫ്, കെ.എം.ഷംസുദ്ദീൻ, ഉമ്മർ പുറത്തീൽ, സത്താർ എഞ്ചിനിയർ, എൻ. അബ്ദുള്ള, ആർ.എം. ഷബീർ, പി പക്കർ, എൻ.പി.കുഞ്ഞിമുഹമ്മദ്, മുഹമ്മദ് ഷബീർ തുടങ്ങിയവർ പങ്കെടുത്തു.
- അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.