പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി വത്സല എന്ന് മുഖ്യമന്ത്രി; പി വത്സലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.


പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി വത്സല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം പൂർണമായും :

പി.വത്സലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി.വത്സല. അതിനിസ്വരായ ജനവിഭാഗങ്ങളുടെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് എഴുത്തിന്റെ മനസ്സ് തിരിച്ചു എന്നതാണ് വത്സലയുടെ പ്രത്യേകത. 

സാഹിത്യത്തിന്റെ ജനായത്തവൽക്കരണ പ്രക്രിയയെ അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊർജ്ജം പകരുകയാണ് വത്സല ഇതിലുടെ ചെയ്തത്. കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങളോട് ഗാഢമായി ഇഴചേർന്ന് നിൽക്കുന്നതായിരുന്നു അവരുടെ സാഹിത്യ പ്രവർത്തനം. ആദിവാസി ജീവിതം എല്ലാ തീവ്രതയോടെയും അവർ എഴുത്തിൽ പ്രതിഫലിപ്പിച്ചു. നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകൾ സാഹിത്യ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയവയാണ്. സംസ്ഥാന സർക്കാർ ഏഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 

സമകാലിക ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒപ്പിയെടുത്ത് സാഹിത്യത്തെ സജീവമാക്കിയ പി. വത്സലയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങൾക്കാകെ നികാത്താനാകാത്ത നഷ്ടമാണ്. കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് എന്ന നിലയിലടക്കം വിലപ്പെട്ട സംഭാവനകൾ നൽകിയ പി. വത്സലയുടെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, കുടുംബത്തെ അനുശോചനം അറിയിക്കുന്നു.


കോഴിക്കോട്: എഴുത്തുകാരി പി വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സാഹിത്യകാരി എന്നതിന് പുറമേ അധ്യാപിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമായിരുന്നു പി വത്സലയുടേത്. സംസ്കാരം പിന്നീട്.
1960-കൾമുതൽ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു പി വത്സല. തിരുനെല്ലിയുടെ കഥാകാരിയെന്നായിരുന്നു വത്സല അറിയപ്പെട്ടിരുന്നത്. മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെ തന്റെ എഴുത്തുകളിലൂടെ പുറംലോകത്തിന് മുന്നിൽ അനാവരണം ചെയ്യാൻ വത്സല എന്നും ശ്രമിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. അക്കാദമിയുടെ വിശിഷ്ടാംഗത്വവും ലഭിച്ചിട്ടുണ്ട്.
കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നിൽ ജനിച്ചു. ഹൈസ്കൂൾ പഠനകാലത്ത് വാരികകളിൽ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലി ചെയ്തിരുന്ന പി.വൽസല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.
വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
തിരക്കിൽ അൽപം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.

 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.