സാധ്യതകളും ആനുകൂല്യങ്ങളും പട്ടികവര്‍ഗ്ഗ വിഭാഗം വിനിയോഗിക്കണം: വനിതാ കമ്മിഷന്‍; കുട്ടികള്‍ കൃത്യമായി എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്നെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം.



കാസർക്കോട് : സമൂഹത്തിലെ സാധ്യതകളും ആനുകൂല്യങ്ങളും വിനിയോഗിച്ച് ജീവിതത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധിക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരി വ്യവസായി സമിതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ ഭക്ഷണവും പഠന സൗകര്യങ്ങളും ഉള്‍പ്പെടെ മികച്ച വിദ്യാഭ്യാസ സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കൃത്യമായി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കുന്നതിന് വിദ്യാഭ്യാസം സഹായകമാകും. 
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ഹരായവരുടെ കൈകളിലേക്ക് ഈ ആനുകൂല്യങ്ങള്‍ പൂര്‍ണമായി എത്തുന്നില്ല. എവിടെയൊക്കെയോ തടസപ്പെടുകയും ചൂഷണത്തിന് വിധേയമാകുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള അവശ്യരേഖകള്‍ അനിവാര്യമാണ്. പട്ടികവര്‍ഗ്ഗ ക്യാമ്പിന്റെ ഭാഗമായി വനിതാ കമ്മിഷന്‍ നടത്തിയ ഊര് സന്ദര്‍ശനത്തില്‍ ഇത്തരം അവശ്യരേഖകള്‍ പലര്‍ക്കും ഇല്ല എന്ന് കണ്ടെത്തി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ അവശ്യരേഖകള്‍ ഇല്ലാത്തവര്‍ക്ക് ഇത് അടിയന്തിരമായി ലഭ്യമാക്കുന്നതിന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്നു നടപടി സ്വീകരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് വനിതാ കമ്മിഷന്‍ നല്‍കുന്ന സേവനങ്ങളെയും സഹായങ്ങളെയും കുറിച്ച് അംഗങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് ചര്‍ച്ച നടത്തണം. കുട്ടിയുടെ പിതൃത്വം നിഷേധിക്കപ്പെട്ടാല്‍ അതു തെളിയിക്കുന്നതിനുള്ള ഡി.എന്‍.എ ടെസ്റ്റ് ചെയ്യാനുള്ള സഹായം വനിതാ കമ്മിഷന്‍ നല്‍കും. പട്ടികവര്‍ഗ്ഗ മേഖലയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്നുള്ളത് സന്തോഷകരമാണ്. കമ്മിഷന്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം ആരും പരാതിയായി ഉന്നയിച്ചില്ല. സ്ത്രീകള്‍ പിന്നോക്കം പോയാല്‍ സമൂഹം ആകെ പിന്നോക്കം പോകുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. 
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ.പി.കുഞ്ഞായിഷ, അഡ്വ.വി.ആര്‍. മഹിളാമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശോഭനകുമാരി, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷെമീര്‍ കുമ്പക്കോട്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.അരവിന്ദന്‍, മെമ്പര്‍മാരായ പി.മാധവന്‍, കെ.കുഞ്ഞിരാമന്‍, അശ്വതി അജികുമാര്‍, കെ.ആര്‍.വേണു, ശാന്ത പയ്യങ്ങാനം, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍.ദിവ്യ എന്നിവര്‍ സംസാരിച്ചു. പട്ടികവര്‍ഗ്ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വീരേന്ദ്ര കുമാറും ലഹരിയുടെ വിപത്ത് എന്ന വിഷയം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥനും അവതരിപ്പിച്ചു. 

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.