ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് ; പരാതിക്കാരന് ഒൻപത് ലക്ഷത്തിലധികം രൂപ നഷ്ടമായി.
കണ്ണൂർ : ഓൺലൈൻ ട്രേഡിങ് ചെയ്താൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി.മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരന്റെ മൊബൈൽ ഫോണിലേക്ക് തുടർച്ചയായ ദിവസങ്ങളിൽ ഓൺലൈൻ ട്രേഡിങ് ചെയ്യുന്നതിന് താൽപര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് കോൾ വരികയായിരുന്നു. കോയിൻ ഡി സി എക്സ് എന്ന ട്രേഡിങ് മാർക്കെറ്റ് എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴി പണം നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പലതവണകളായി തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകി. പിന്നീടാണ് ഇത് സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റ് ആണെന്നും തട്ടിപ്പ് ആണെന്നും പരാതിക്കാരന് മനസിലാകുന്നത്. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ പണം അയച്ചതിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ആയതിനാൽ വീണ്ടും പണം നൽകിയാൽ മാത്രമേ തിരികെ നൽകാൻ പറ്റുമെന്നും അറിയിക്കുകയായിരുന്നു. തുടർന്നാണ് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
മറ്റൊരു പരാതിയിൽ യോനോ ആപ്പിന്റെ പേരിൽ വ്യാജ മെസ്സേജ് അയച്ച് പണം തട്ടിയതിൽ എടക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാവിലായി സ്വദേശിയായ പരാതിക്കാരന്റെ മൊബൈൽ നമ്പറിലേക്ക് യോനോ റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ അത് പിൻവലിക്കണമെന്നും വ്യാജ മെസ്സേജ് അയച്ച് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഫോണിലേക്ക് വന്ന ഒ ടി പി പറഞ്ഞ് നൽകാൻ ആവശ്യപെടുകയായിരുന്നു. ഒ ടി പി പറഞ്ഞ് നൽകിയതോടെ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും 49,875 രൂപ തട്ടിയെടുക്കുകയായിരുന്നു.
വാട്ട്സ്ആപ്പ് ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുത്. അതിന്റെ അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മുന്നോട്ട് പോവുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.

Comments