കൊച്ചിയിൽ ഓൺലൈൻ ടാക്സിയുടെ മറവിൽ രാസലഹരി വിൽപ്പന. രണ്ട് പേർ അറസ്റ്റിൽ.
എറണാകുളം ടൗൺ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്ന് രാസ ലഹരി വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം മൺറോത്തുരുത്ത് സ്വദേശി അമിൽ ചന്ദ്രൻ (28 വയസ്), കലൂർ എളമക്കര സ്വദേശി അഭിജിത്ത് (30 വയസ്) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 7 ഗ്രാം ക്രിസ്റ്റൽ MDMA കണ്ടെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഇവർ പിടിയിലായത്.
അറസ്റ്റിലായ അമിൽ ചന്ദ്രന്റെ മേൽനോട്ടത്തിൽ ആറു കാറുകൾ ഓൺലൈൻ ടാക്സിയായി എറണാകുളം ടൗണിൽ ഓടുന്നുണ്ട്. ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുണ്ട് എന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വിവരം നൽകിയതോടെ എക്സൈസ് ഷാഡോ അംഗങ്ങൾ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരുകയായിരുന്നു.
ആവശ്യക്കാർക്ക് മയക്കുമരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയ ശേഷം കാറിൽ ഇരുന്ന് എറിഞ്ഞ് കൈമാറുന്നതായിരുന്നു ഇവരുടെ രീതിയെന്ന് മനസ്സിലാക്കി, ഇവരുടെ വാഹനത്തെ രഹസ്യമായി പിന്തുടർന്ന എക്സൈസ് സംഘം എളമക്കര പുന്നയ്ക്കൽ ജംഗ്ഷന് സമീപം വച്ച് കാർ വളഞ്ഞു. ഇത് കണ്ടു പരിഭ്രമിച്ചു അമിൽ ചന്ദ്രന്റെ കൂട്ടാളി അഭിജിത്ത് കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് തൂക്കി വിൽക്കുന്നതിന് ഉപയോഗിച്ചിരുന്ന നാനോ വെയിംഗ് മെഷീൻ എന്നിവയും എക്സൈസ് ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു.
ഗ്രാമിന് 3000 രൂപ മുതലാണ് വിൽപ്പനയെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളും പുരുഷൻമാരുമായി ഫാമിലി എന്ന പ്രതീതി ഉണ്ടാക്കി ഗോവയിൽ പോയാണ് മയക്കുമരുന്ന് വാങ്ങി കേരളത്തിൽ കൊണ്ടുവന്നിരുന്നത്. ഇവരുടെ സംഘത്തിൽപ്പെട്ട ആളുകളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അവരെയും അറസ്റ്റ് ചെയ്യുമെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവൻ അസി. കമ്മീഷണർ ടി. അനികുമാർ അറിയിച്ചു.
എറണാകുളം സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി ടോമി, ഐ.ബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി.അജിത്ത്കുമാർ, എറണാകുളം സ്ക്വാഡ് അസ്സി.എക്സൈസ് ഇൻസ്പെക്ടർ എം.ടി.ഹാരിസ്, പ്രിവൻ്റീവ് ഓഫീസർ സി.പി.ജിനേഷ് കുമാർ, വനിത സി.ഇ.ഒ എം മേഘ, കെ.എ. ബദർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments