ജ്യേഷ്ഠനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അനുജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.
കൊല്ലം : ജ്യേഷ്ഠനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അനുജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2018 സെപ്റ്റംബർ 30-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയം തഴത്തല ഗണപതിക്ഷേത്രത്തിനു സമീപം പനവിള വീട്ടിൽ കരുണാകരൻ മകൻ മഹിപാലനെയാണ് സഹോദരൻ ധനപാലൻ (58) വീട്ടുമുറ്റത്തു വച്ച് മാതാവും ബന്ധുക്കളും കാൺകെ സ്റ്റീൽ കത്തികൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
വിവാഹശേഷം മഹിപാലൻ ഗൾഫിലായിരുന്ന സമയത്ത് തന്റെ ഭാര്യയുമായി ധനപാലന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന സംശയം കാരണം നാട്ടിലെത്തിയ മഹിപാലൻ ഭാര്യയും അനുജൻ ധനപാലനുമായി നിരന്തരം വഴക്കും പ്രശ്‌നങ്ങളുമുണ്ടായതിനെ തുടർന്ന് ഭാര്യ പിണങ്ങിപോയതിന് ശേഷം സഹോദരങ്ങൾ തമ്മിൽ വർഷങ്ങളായി ശത്രുതയിൽ കഴിഞ്ഞു വരികയുമായിരുന്നു. അപ്രകാരമിരിക്കെ സംഭവ ദിവസം രാത്രി 8.30യോടെ മദ്യപിച്ച് വീട്ടിൽ വന്ന അനുജൻ ജ്യേഷ്‌ഠനുമായി വീട്ടുമുറ്റത്ത് വച്ച് വഴക്കും കയ്യേറ്റവും ഉണ്ടാവുകയും തുടർന്ന് ഉടൻ തന്നെ അനുജൻ താമസിച്ചു വന്നിരുന്ന ഷെഡിനുള്ളിൽ കരുതി വച്ചിരുന്ന കത്തി എടുത്തുകൊണ്ട് വന്ന് ജ്യേഷ്‌ഠൻ്റെ നെഞ്ചിൽ തുരുതുരാ കുത്തുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ മഹിപാലനെ സമീപമുള്ള കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹൃദയത്തിനേറ്റ കുത്തുകളുടെ കാഠിന്യം കാരണം മരണപ്പെടുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും പതിനഞ്ച് സാക്ഷികളെ വിസ്‌തരിച്ച കേസിൽ പത്തൊൻപത് റിക്കാർഡുകളും, കുത്താനുപയോഗിച്ച കത്തി ഉൾപ്പെടെ എട്ട് തൊണ്ടി മുതലുകളും തെളിവിൽ സ്വീകരിച്ച കോടതി ബന്ധുക്കളുടേയും ദൃക്‌സാക്ഷിമൊഴികളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മറ്റും വളരെ വിശദമായി പരിശോധിച്ച ശേഷം ബഹുമാനപ്പെട്ട കൊല്ലം 5ത് അഡീഷണൽ സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരൻ പ്രതി കുറ്റക്കാരനാണെന്നുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് പ്രതിയെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴ ഒടുക്കാത്തപക്ഷം ആറ് മാസം കഠിന തടവും വിധിച്ച് ഉത്തരവായി. കൊട്ടിയം പോലീസ് ഇൻസ്പെക്ടറായിരുന്ന അജയ്‌നാഥ് ആയിരുന്നു അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ ചാർജ്ജ് ഷീറ്റ് ഹാജരാക്കിയത്. സിവിൽ പോലീസ് ഓഫീസർ അഭിലാഷ് പ്രോസിക്യൂഷൻ സഹായി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പാലത്തറ വിനു കരുണാകരൻ ഹാജരായി.

Comments