പോലീസ് ഓഫീസർ ചമഞ്ഞ് സൈബർ തട്ടിപ്പ് തലശ്ശേരി സ്വദേശിക്ക് 1,29,033 രൂപ നഷ്ടമായി. Kannur city police
കണ്ണൂർ : തലശ്ശേരി സ്വദേശിയെ സൈബർ തട്ടിപ്പുകാർ പോലീസ് ഓഫീസർ എന്ന വ്യാജേന
ബന്ധപ്പെട്ട് 1,29,033 രൂപ കൈക്കലാക്കി. പരാതിക്കാരന്റെ ആധാറും ഫോൺ നമ്പറും ഉപയോഗിച്ച് മറ്റാരോ അനധികൃത ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ആ അക്കൗണ്ട് തീവ്രവാദത്തിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ശേഷം ഇക്കാര്യത്തിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ചാർജ് എന്ന വ്യാജേന പണം കൈക്കലാക്കുകയായിരുന്നു. ഇത്തരത്തിൽ പോലീസ് ഓഫീസർ ചമഞ്ഞ് പണം തട്ടിയ പരാതി മുന്നേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊറിയർ കമ്പനിയിൽ നിന്നാണെന്നും നിങ്ങളുടെ പേരിൽ അയച്ച ഒരു കൊറിയറിൽ പോലീസ് മയക്കുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ ചെയ്യും, ശേഷം പോലീസ് ഓഫീസർ ആണെന്ന വ്യാജേന ഒരാൾ വീഡിയോ കോളിൽ വന്ന് നിങ്ങളുടെ അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്നറിയാൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വേറിൽ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും പറഞ്ഞ് അവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം അയക്കാൻ പറഞ്ഞാണ് തട്ടിപ്പിനിരയാക്കുന്നത്. ഇത്തരത്തിൽ ഭയപ്പെടുത്തിയോ തെറ്റിദ്ധരിച്ചോ ഫോൺ കോളുകളും മെസ്സേജുകളും നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ഭയപ്പെടാതെ പണം കൈമാറുന്നതിന് മുമ്പ് അതിന്റെ അധികാരികത ഉറപ്പു വരുത്തുക. ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി രജിസ്റ്റർ ചെയ്യുക.

Comments