ഓപ്പറേഷൻ ഓവർലോഡ് 3 : അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന.
ഓപ്പറേഷൻ ഓവർലോഡ്-3 -അമിതഭാരം കയറ്റി കൊണ്ട് പോകുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന സംസ്ഥാന വ്യാപകമായി ടിപ്പറുകളിലും ട്രക്കുകളിലും ലോറികളിലും അമിതമായും പെർമിറ്റിന് വിരുദ്ധമായും അനധികൃതമായും Extra body-കൾ നിർമ്മിച്ചു വരെ അമിത ഭാരം കയറ്റി കൊണ്ട് പോകുന്നതായും ക്വാറി ഉല്പന്നങ്ങൾ കയറ്റിയ വാഹനങ്ങളിൽ പലതിലും മതിയായ ജി.എസ്.ടി, ജിയോളജി പാസ്സുകളോ മറ്റ് രേഖകളോ ഉണ്ടാകാറില്ലെന്നും വാഹന ഉടമകളുടെയും ക്വാറി ക്രഷർ ഉടമകളുടെയും ഒത്താശയോടെ ക്വാറി ഉല്പന്നങ്ങൾ അമിത അളവിൽ വാഹനങ്ങളുടെ പെർമിറ്റിലും കൂടുതലായി കയറ്റി പോകുന്നത് വഴി ജി.എസ്.ടി ഇനത്തിലും റോയൽറ്റി ഇനത്തിലും സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിക്കുന്നതിന് ഓപ്പറേഷൻ ഓവർലോഡ് 3- എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി വരുന്നു.
പെർമിറ്റിനു വിരുദ്ധമായി രൂപമാറ്റം വരുത്തിയും അധികഭാരം കയറ്റിയും സഞ്ചരിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിലെയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെയും ജി.എസ്.ടി വകുപ്പിലേയും ചില ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലയെന്നും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ചില ക്വാറി ഉടമകൾ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുവദിച്ചിട്ടുള്ള പാസ്സുകൾക്ക് വിരുദ്ധമായി അമിതമായി ലോഡ് കയറ്റി വിടുന്നതായും, പാസ്സ് അനുവദിക്കാത്ത വാഹനങ്ങൾക്കും ഉല്പന്നങ്ങൾ നൽകുന്നതായും ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡുകൾ നൽകുന്നതായും തത്ഫലമായി ഓരോ ലോഡിനും ജി.എസ്.ടി ഇനത്തിലും റോയൽറ്റി ഇനത്തിലും സർക്കാർ ഖജനാവിന്
ലഭിയ്ക്കേണ്ട വൻതുക ദിനംപ്രതി നഷ്ടമാകുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിന്റെ
അടിസ്ഥാനത്തിലാണ് ഇന്ന് മിന്നൽ പരിശോധന നടന്നു വരുന്നത്.
തിരുവനന്തപുരം-8, കൊല്ലം-8, പത്തനംതിട്ട-4,ഇടുക്കി-6,കോട്ടയം-4 ആലപ്പുഴ-4,എറണാകുളം-8,തൃശ്ശൂർ- 8,പാലക്കാട്-6,മലപ്പുറം-6, കോഴിക്കോട്-4 ,വയനാട്-4, കണ്ണൂർ-4 കാസർകോഡ് 4 വീതവും സ്ഥലങ്ങളിലാണ് ഇന്ന് ഒരേ സമയം മിന്നൽ പരിശോധന നടന്നു വരുന്നത്.
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ.ഐ.പി.എസ്ന്റെ ഉത്തരവ് പ്രകാരം നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു വരുന്നു.
Comments