മാവിൽ നിന്ന് വീണ് കമ്പ് കുത്തികയറി മലദ്വാരം തകർന്ന എട്ടു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്.



തൃശൂർ : ഉയരമുള്ള മാവിൽ നിന്നുള്ള വീഴ്ചയിൽ കമ്പ് കുത്തിക്കയറി മലദ്വാരം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂർ ചാവക്കാട് സ്വദേശി എട്ടു വയസ്സുകാരനെ രണ്ട് മേജർ ശസ്ത്രക്രിയകൾക്ക് ശേഷം തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങൾ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാൽ സമയബന്ധിതമായ ഇടപെടൽ മൂലം ഇതൊഴിവാക്കാൻ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാൻ സഹായിച്ചത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തൃശൂർ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഉയരമുള്ള മാവിൽ നിന്നും വീണ് മലദ്വാരത്തിൽ വലിയ കമ്പ് കുത്തികയറിയ അവസ്ഥയിലാണ് കഴിഞ്ഞ നവംബർ 10-ാം തീയതി രാത്രിയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കുട്ടിയെ എത്തിച്ചത്. കമ്പ് വലിച്ചൂരിയ നിലയിൽ അതികഠിനമായ വയറുവേദനയും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവുമുള്ള അവസ്ഥയിലായിരുന്നു കുട്ടി. മലാശയത്തിന് പരിക്ക് കണ്ടതിനാൽ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.

ശിശുരോഗ ശസ്ത്രക്രിയ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഉടനടി അതിസങ്കീർണമായ അടിയന്തര ശസ്ത്രക്രിയ ചെയ്തു. മലദ്വാരം മുതൽ, മലാശയവും, കുടലും ചുറ്റുപാടുമുള്ള അവയവങ്ങളും പേശികളും, കമ്പ് കുത്തികയറിയതിനാൽ പൂർണമായും തകർന്നു പോയിരുന്നു. മലാശയം പൊട്ടിയതിനാൽ വയറു മുഴുവനും രക്തവും മലവും നിറഞ്ഞിരുന്നു. രാത്രി 12 മണിക്ക് തുടങ്ങി പുലർച്ചെ ആറ് മണി വരെ ഏകദേശം ആറു മണിക്കൂർ സമയമെടുത്താണ് പരിക്ക് പറ്റിയ കുടലും മലാശയവും മലദ്വാരവും മറ്റു അവയവങ്ങളും ചുറ്റുമുള്ള പേശികളും ശസ്ത്രക്രിയയിലൂടെ ശരിയാക്കിയത്. ശേഷം കുടലിലെയും മലാശയത്തിന്റെയും മുറിവ് ഉണങ്ങുന്നതിന് മുകളിലുള്ള വൻകുടലിന്റെ ഒരു ഭാഗം പുറത്തേക്ക് കൊണ്ടുവന്ന് വയറിന്റെ ഭിത്തിയിൽ തുറന്നു വച്ചു (കൊളോസ്റ്റമി).

ആദ്യ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പിന്നീട് മുറിവ് പൂർണമായും ഉണങ്ങിയ ശേഷം നടത്തിയ വിദഗ്ധ പരിശോധനയിൽ ആദ്യ ശസ്ത്രക്രിയ പൂർണ വിജയമാണെന്ന് വിലയിരുത്തി. മുറിവ് പൂർണമായും ഉണങ്ങിയ ശേഷം സാധാരണ രീതിയിൽ മലമൂത്ര വിസർജനം സാധ്യമാക്കുന്നതിന് മേയ് 29ന് രണ്ടാമത്തെ മേജർ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ശേഷം മലദ്വാരത്തിലൂടെ പഴയതു പോലെ തന്നെ കുട്ടിയ്ക്ക് മലമൂത്ര വിസർജനം നടത്താൻ സാധിക്കുന്നുണ്ട്. പരിക്ക് പൂർണമായി ഭേദമായ കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു.

ശിശുരോഗ ശസ്ത്രക്രിയ വിഭാഗം പ്രൊഫസറും മേധാവിയുമായി പ്രശസ്ത ശിശു ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. നിർമ്മൽ ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് രണ്ട് ശസ്ത്രക്രിയകളും നടത്തിയത്. ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അനസ്തേഷ്യ സംഘവും, ജൂനിയർ സർജൻ ഡോ. അജയുമാണ് ആദ്യ ശസ്ത്രക്രിയയിലുണ്ടായിരുന്നത്. ഡോ. ജൂബിയുടെ നേതൃത്വത്തിലുള്ള അനസ്തേഷ്യ സംഘവും, ജൂനിയർ സർജൻ ഡോ പാപ്പച്ചനും രണ്ടാമത്തെ ഓപ്പറേഷനിലുണ്ടായിരുന്നു. ഡോ. ദീപയുടെ നേതൃത്വത്തിലുള്ള പിഡിയാട്രിക് ഐസിയു സംഘമാണ് കുട്ടിയെ പരിചരിച്ചത്. ഓപ്പറേഷൻ തീയേറ്ററിലെയും പിഡിയാട്രിക് ഐസിയുവിലെയും ശിശുരോഗ ശസ്ത്രക്രിയ വാർഡിലെയും, നഴ്സിംഗ് ഓഫീസർമാരുടെ ആത്മാർത്ഥമായ പരിചരണം കൂടിയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സഹായിച്ചത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ. അശോകൻ, സൂപ്രണ്ട് ഡോ. രാധിക എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.