പുഴ കടലിലേക്ക് ചേർന്ന് ഒഴുകുന്നത് പോലെ സ്നേഹത്തിന്റെ ആഴമുള്ള കടലാകാൻ കണ്ണൂർ ദസറക്ക് സാധിക്കട്ടെ എന്ന് ഡോ: എം കെ മുനീർ. 05 October
കണ്ണൂർ : പുഴ കടലിലേക്ക് ചേർന്ന് ഒഴുകുന്നത് പോലെ സ്നേഹത്തിന്റെ ആഴമുള്ള കടലാകാൻ കണ്ണൂർ ദസറക്ക് സാധിക്കട്ടെ എന്ന് ഡോ: എം കെ മുനീർ എം എൽ എ പറഞ്ഞു. ''നമ്മുടെ ജാതി മനുഷ്യത്വമാവണം '' എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. പക്ഷെ ദൗർഭാഗ്യവശാൽ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനിൽ മതിപ്പ് നഷ്ടപ്പെടുന്ന കാലമാണ്. പ്രായമായ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ആക്കി എന്തോ വലിയ കാര്യം ചെയ്ത പോലെ അഭിമാനിക്കുന്ന മക്കളുടെ കാലമാണ്. കൂടിയിരിക്കുന്നത് തന്നെ ദുഷ്ക്കരമായിരിക്കുന്ന കാലത്ത് കണ്ണൂർ ദസറയിലൂടെ മഹത്തായ സന്ദേശമാണ് കോർപ്പറേഷൻ നൽകുന്നത്.
കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു.മുൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്വാഗതം പറഞ്ഞു . മുൻ മേയർ സുമ ബാലകൃഷ്ണൻ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു എന്നിവർ മുഖ്യാതിഥികൾ ആയി. വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി എ തങ്ങൾ, കായക്കൂൽ രാഹുൽ, സി എ അജീർ, വെള്ളോറ രാജൻ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ശ്രീ ടി കെ രമേഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പുനത്തിൽ ബാഷിത്, കൗൺസിലർ പി പി വത്സലൻ തുടങ്ങിയവർ സംസാരിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര, കൗൺസിലർമാരായ പിവി ജയസൂര്യൻ, എസ് ഷഹീദ, അഡ്വ. അബ്ദുൽ റസാഖ്, ഇ ടി നിഷാജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടർന്ന് സി എച്ച് എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പന, ഡി ആർമി ബീറ്റ്സ് അവതരിപ്പിച്ച വെസ്റ്റർ ഹിപ്പ് ഹോപ്പ് ഡാൻസ്, കലോത്സവ താരങ്ങളുടെ കലാവിരുന്ന് സ്വരമഴ, പ്രിയ ഏക്കോട്ടും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ സുമിത നായരുടെ നൃത്ത സന്ധ്യ എന്നിവ അരങ്ങേറി.

Comments