കണ്ണൂര്‍ വളപട്ടണം മന്നയിൽ അരി വ്യവസായിയുടെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയും 300 പവന്‍ സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ സിറ്റി പോലീസ് വിദഗ്ദ്ധമായി പിടികൂടി.
• പിടിയിലായത് അയല്‍വാസിയായ ലിജീഷ്.
• മോഷണ മുതല്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
• കീച്ചേരിയില്‍ നേരത്തേ നടന്ന ഒരു മോഷണവും ഇയാളുടെ അറസ്റ്റോടെ തെളിഞ്ഞു.
• കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ പോലീസ്, ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ, ഫോറന്‍സിക് സയന്‍സ് വിഭാഗം, സൈബര്‍ സെല്‍ എന്നിവയുടെ കൂട്ടായ പ്രയത്നത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കണ്ണൂർ : കണ്ണൂര്‍ വളപട്ടണം മന്നയിൽ അരി വ്യവസായിയുടെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയും 300 പവന്‍ സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ സിറ്റി പോലീസ് വിദഗ്ദ്ധമായി പിടികൂടി. മോഷണം നടന്ന വീടിന്‍റെ അയല്‍വാസിയായ ലിജീഷ് ആണ് പിടിയിലായത്. മോഷണ മുതല്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
2024 നവംബര്‍ 19ന് വ്യവസായിയും കുടുംബവും വീട് പൂട്ടി സ്വകാര്യ ആവശ്യത്തിന് സംസ്ഥാനത്തിനു വെളിയില്‍ പോയിരുന്നു. ഇക്കാര്യം മനസ്സിലാക്കിയാണ് പ്രതി നവംബര്‍ 20ന് മോഷണം നടത്തിയത്. വീട്ടിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്ന് വ്യക്തമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല. പോലീസ് നായയെ ഉപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ഫലം ഉണ്ടായില്ല. അയല്‍വാസിയായ ലിജീഷ് പോലീസിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
വെല്‍ഡിങ് തൊഴിലാളിയായ ഇയാളുടെ വീട്ടിലെ കട്ടിലിന്‍റെ അടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ നിന്നാണ് മോഷണമുതലായ 267 പവന്‍ സ്വര്‍ണ്ണവും 1,21,43,000 രൂപയും വീണ്ടെടുത്തത്. കീച്ചേരിയില്‍ നേരത്തേ നടന്ന ഒരു മോഷണവും ഇയാളുടെ അറസ്റ്റോടെ തെളിഞ്ഞിട്ടുണ്ട്.
അന്വേഷണത്തിന്‍റെ ഭാഗമായി നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ച് വിശകലനം ചെയ്തത്. കോഴിക്കോട് മുതല്‍ മംഗലാപുരം വരെയുള്ള മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. 76 വിരലടയാളങ്ങള്‍ പരിശോധിച്ചു. 67 സ്ഥിരം കുറ്റവാളികളുടെ മോഷണ രീതികള്‍ വിശകലനം ചെയ്യുകയും 215 പേരെ ചോദ്യം ചെയ്യുകയും ചെയ്തു. 35 ലോഡ്ജുകളിലും അന്വേഷണസംഘം പരിശോധന നടത്തുകയും ചെയ്തു. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ പോലീസ്, ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ, ഫോറന്‍സിക് സയന്‍സ് വിഭാഗം, സൈബര്‍ സെല്‍ എന്നിവയുടെ കൂട്ടായ പ്രയത്നത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ രാപ്പകല്‍ പ്രയത്നമാണ് ഇതോടെ സഫലമായത്. കണ്ണൂര്‍ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍ റ്റി.കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. വളപട്ടണം, ചക്കരക്കല്‍, കണ്ണൂര്‍ സിറ്റി, മയ്യില്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒമാരായ സുമേഷ് ടി.പി, ആസാദ് എം.പി, സനില്‍ കുമാര്‍, സഞ്ജയ കുമാര്‍ പി.സി, വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിപിന്‍ റ്റി.എം, ഉണ്ണികൃഷ്ണന്‍ പി, സുരേഷ് ബാബു പി.കെ, അജയന്‍ എം, കണ്ണപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐയായ രാജീവന്‍ കെ, കണ്ണൂര്‍ സിറ്റി ഡി.എച്ച്.ക്യുവിലെ എസ്.ഐ ഷാജി പി.കെ എന്നിവരും കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ക്രൈം സ്ക്വാഡിലെ ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.
• വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.






Comments