എംടി വാസുദേവന്‍ നായർ അന്തരിച്ചു: വിടപറഞ്ഞത് മലയാളത്തിന്റെ സുകൃതം.
എംടി വാസുദേവന്‍ നായർ അന്തരിച്ചു: വിടപറഞ്ഞത് മലയാളത്തിന്റെ സുകൃതം
മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്ന എംടി വാസുദേവൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഈ മാസം 15നാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനവും താളം തെറ്റിയതായി മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റർ സഹായവും വേണ്ടിവന്നു.
മൂന്ന് ദിവസങ്ങളായി മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിരുന്നു. എംടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നിലനിൽക്കെയായിരുന്നു വൈകിട്ടോടെ നില വീണ്ടും വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തത്.
ടി. നാരായണന്‍ നായർ തെക്കേപ്പാട്ട് അമ്മാളു അമ്മ എന്നിവരുടെ മൂത്ത മകനായി 1933 ജൂലൈ 15ന് ജനിച്ച അദ്ദേഹത്തിന്റെ മുഴുവൻ പേര് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നായിരുന്നു. പാലക്കാട് വിക്ടോറിയ കോളജില്‍ ഉപരിപഠനത്തിനു ശേഷം സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.
കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ ‘സിതാര’യിലാണ് താമസം. സിതാരയും അശ്വതിയുമാണ് മക്കൾ. രക്തം പുരണ്ട മണ്‍തരികളാണ് ആദ്യകഥാസമാഹാരം. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ ‘നാലുകെട്ട്’ ആണ്. ഇതിന് കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ‘സ്വര്‍ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന് ബഹുമാനസൂചകമായി ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 2005-ല്‍ പത്മഭൂഷണ്‍ നല്‍കി.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മഞ്ഞ്, കാലം, അസുരവിത്ത്, വിലാപയാത്ര, അറബിപൊന്ന്, രണ്ടാമൂഴം എന്നിവ പ്രധാന കൃതികളാണ്. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമകളുടെ
തിരക്കഥയ്‌ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, പെരുന്തച്ചൻ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് തിരക്കഥകൾ ഒരുക്കി. എം.ടി ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്‌ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും ലഭിച്ചു.
എഴുത്തച്ഛൻ പുരസ്കാരം (2011), ജെ.സി. ഡാനിയേൽ പുരസ്കാരം – 2013, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് 2014 തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments