ബോംബ് നിർമ്മാണം ഇപ്പോഴും തുടരുന്നത് ആശങ്കാജനകം: അഡ്വ. മാർട്ടിൻ ജോർജ്ജ്. 01 January 2025
കണ്ണൂർ: പുതുവർഷ ദിനത്തിൽ തന്നെ കണ്ണൂരിൽ ബോംബ് സ്ഫോടനം ഉണ്ടായത് ഏറെ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് മാലൂരിൽ കാടുവെട്ടിതെളിക്കുന്നതിനിടയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇപ്പോഴും ബോംബ് നിർമ്മാണവും സംഭരണവും സിപിഎമ്മിന്റെയും ബിജെപിയുടെയും ശക്തി കേന്ദ്രങ്ങളിൽ തുടരുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ സംഭവം. മുൻകാലങ്ങളിൽ പോലീസ് നിരന്തരം റെയ്ഡുകൾ നടത്താറുണ്ടെങ്കിലും സമീപകാലത്തായി അത്തരം പരിശോധനകൾ പോലീസ് നിർത്തിവച്ചിരിക്കുകയാണ്. സ്ഫോടനങ്ങൾ ഉണ്ടായാൽ മാത്രം അവിടെ പരിശോധന നടത്തുന്നത് ഒഴിച്ചാൽ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ നിരന്തരമായ റെയ്ഡ് നടത്താൻ പോലീസ് തയ്യാറാകുന്നില്ല. ഇപ്പോൾ ബോംബ് നിർമ്മാണം സജീവമായതും കൊടി സുനിയെ പോലുള്ള ക്രിമിനലുകൾക്ക് പരോൾ ലഭിക്കുന്നതുമൊക്കെ ചേർത്ത് വായിച്ചാൽ കണ്ണൂരിലെ സമാധാനം തകർക്കാൻ എവിടെയൊക്കെയോ കുത്സിത നീക്കങ്ങൾ നടക്കുന്നതായുള്ള ആശങ്ക ഉയരുകയാണ്. പെരിയ ഇരട്ട കൊലപാതക കേസിൽ കുറ്റക്കാരായ കണ്ടെത്തിയവർക്കുള്ള ശിക്ഷ അടുത്തദിവസം പ്രഖ്യാപിക്കാനിരിക്കെ വിഷയം മാറ്റാനും ചർച്ചകൾ വഴി തിരിച്ചു വിടാനും ഏത് കുതന്ത്രവും സിപിഎം പ്രയോഗിക്കും. ക്രിമിനലുകൾക്ക് ലഭിക്കുന്ന വഴിവിട്ട പരോളുകളെ പാർട്ടി നേതൃത്വം ന്യായീകരിക്കുകയാണ്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ സംരക്ഷണം ഏറ്റെടുക്കുക മാത്രമല്ല, അവരുടെ വീട്ടിലെ സ്വകാര്യ പരിപാടികളിൽ പോലും സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ സജീവമായി പങ്കെടുക്കുന്നതിൽ നിന്നും എന്ത് സന്ദേശമാണ് പാർട്ടി നൽകുന്നത്. ഏത് ക്രിമിനൽ പ്രവർത്തികൾക്കും പിന്തുണ നൽകുന്ന സിപിഎം നേതൃത്വം തന്നെയാണ് കണ്ണൂരിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിന്റെ പ്രധാന ഉത്തരവാദികൾ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടി ക്രമസമാധാനം പാലിക്കാൻ ബാധ്യസ്ഥരായ നിയമപാലകരെ പോലും നിഷ്ക്രിയരാക്കി ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ ഒത്താശ ചെയ്യുകയാണെന്നും അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു

Comments