എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന അഭിമാനനേട്ടവുമായി കണ്ണൂർ ജില്ലയിലെ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്.
ന്യൂസ് ഓഫ് കേരളം, ന്യൂസ് ഡെസ്ക്.
News Updated By : 21/മെയ്/2025.
കണ്ണൂർ : എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന അഭിമാനനേട്ടവുമായി കണ്ണൂർ ജില്ലയിലെ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് പി.എം അബ്ദുല്‍ ലത്തീഫിന്റെയും കെ പി സുബൈദയുടെയും മകളായ സഫ്രീന ലത്തീഫ് ആണ് അപൂര്‍വ്വ നേട്ടത്തിനുടമയായത്. മെയ് 18ന് പകൽ 10.25നാണ് ഉയരങ്ങൾ കീഴടക്കി ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്യാമ്പിൽനിന്ന് 14 മണിക്കൂർകൊണ്ട് 8848.86 മീറ്റർ ഉയരം കീഴടക്കിയാണ് വനിതാ പർവതാരോഹരുടെ നിരയിൽ സഫ്രീന അഭിമാന നേട്ടത്തിന് ഉടമയായത്. നിരന്തര പരിശ്രമത്തിനൊടുവിലാണ് നേട്ടം കൈവരിച്ചതെന്നും വിവിധ മലനിരകൾ നേരത്തെ കീഴടക്കിയിരുന്നുവെന്നും സഫ്രീന പറഞ്ഞു. ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതനിര 2021ലും അർജന്റീനയിലെ അക്വാൻകാഗ്വ 2022 ലും റഷ്യയിലെ മൗണ്ട് എൽബ്രസ് 2024ലും കയറിയിട്ടുണ്ട്. 2023ല്‍ കസാക്കിസ്ഥാനിലെ ഉയരം കൂടിയ മഞ്ഞുമല കീഴടക്കിയും തന്റെ ആരോഹണ മികവ് തെളിയിച്ചിരുന്നു. ദീർഘകാലത്തെ പരിശ്രമത്തിനൊടുവിലാണ് ഉയരങ്ങൾ കീഴടക്കാനുള്ള ശാരീരികക്ഷമതയും മാനസികമായ കരുത്തും നേടിയത്. ഭർത്താവും കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണയാണ് ഉജ്വലനേട്ടത്തിന് കാരണമായതെന്ന് അവർ പറഞ്ഞു. നേപ്പാൾ തിബറ്റൻ ബോർഡറിലുള്ള ഹിമാലയത്തിന്റെ ഉയർന്ന ഭാഗമാണ് അതിസാഹസികമായി നടന്ന് കീഴടക്കിയത്. ലോകത്തിലെ പർവതാരോഹരുടെ ഇടയിൽ ഈ മലയാളി വനിത നേടിയ നേട്ടത്തെ നാടൊന്നാകെ ചേർത്തു പിടിക്കുകയാണ്. ഭര്‍ത്താവ് : ഡോ. ഷമീല്‍ മുസ്തഫ ഖത്തർ ഹമദ് ഹോസ്പിറ്റൽ കൺസൾട്ടന്റ് സര്‍ജനാണ്. മകള്‍ : മിന്‍ഹ. ഭര്‍ത്താവിനോടൊപ്പം ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നത്.

Comments