നല്ല മനുഷ്യനാവുക എന്നത് വായനയുടെ ആത്യന്തിക ലക്ഷ്യം: എം. വിജിൻ എം.എൽ.എ.
കണ്ണൂർ : വായനയുടെയും പഠനത്തിന്റെയും ആത്യന്തിക ലക്ഷ്യം നല്ല മനുഷ്യനാവുക എന്നതാണെന്ന് വിദ്യാർഥി സമൂഹം തിരിച്ചറിയണമെന്ന് എം.വിജിൻ എം.എൽ.എ. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പട്ടുവം മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല വായനാ മാസാചരണവും പി.എൻ.പണിക്കർ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികതയുടെ പല തലങ്ങളും ഉയർന്ന മൂല്യങ്ങളും പകർന്നു തരുന്നവയാണ് സാഹിത്യ കൃതികൾ. നവോത്ഥാന പോരാട്ടങ്ങളിൽ വിദ്യാഭ്യാസത്തിനും എഴുത്തിനുമുള്ള പങ്ക് ചരിത്രം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ആധുനിക കാലഘട്ടത്തിലും എഴുത്തിനും വായനയ്ക്കും അതേ ശക്തി തന്നെയുണ്ടെന്ന തിരിച്ചറിവ്, വരും തലമുറക്ക് ജീവിത സ്വപ്നങ്ങളിലേക്കുള്ള ലക്ഷ്യം നൽകുമെന്നും എം.എൽ.എ പറഞ്ഞു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി അധ്യക്ഷയായി. വായനയും എഴുത്തും അറിവും നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചലച്ചിത്ര സംവിധായകൻ മനോജ് കാന പറഞ്ഞു. വായന നൽകുന്ന അറിവ് കൊണ്ട് പുതിയ ലോക ക്രമം തന്നെ സൃഷ്ടിക്കാൻ കഴിയും. സമൂഹത്തിനു നേരെ നിവർന്നുനിന്ന് അനീതികളെ ചോദ്യം ചെയ്യാനുള്ള കരുത്ത് വായന നൽകുന്നു. വായന, എഴുത്ത്, കല എന്നിവ കൊണ്ട് സ്വയം നവീകരിക്കുക. പുസ്തകത്തെ അടുത്ത സുഹൃത്താക്കി പരിമിതികളെ അതിജീവിക്കാനാകുമെന്ന തിരിച്ചറിവ് വിദ്യാർഥികൾക്കുണ്ടാകണമെന്നും മനോജ് കാന പറഞ്ഞു.
വായന സൃഷ്ടിക്കുന്ന വിവേകമാണ് ഒരു സമൂഹം എന്ന നിലയിൽ മനുഷ്യന്റെ മൂലധനമെന്ന് പ്രഭാഷണം നടത്തിയ മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോ ഓർഡിനേറ്റിംഗ് എഡിറ്റർ മുഹമ്മദ് അനീസ് പറഞ്ഞു. സഹജീവികളോട് സ്നേഹവും അലിവുമുള്ള മനുഷ്യനാകാൻ വായന നൽകുന്ന വിവേകത്തിന് മാത്രമേ കഴിയൂ. അറിവ് നേടുക, പുതിയ കാര്യങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതിലപ്പുറം വിവേകത്തിലേക്കുള്ള പാതയായി വായനയെ ഒപ്പം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഒരേ സമയം അനുഭവവേദ്യമാക്കാൻ എഴുത്തിന് മാത്രമേ കഴിയൂ എന്ന് നോവലിസ്റ്റും കേരള കൗമുദി കണ്ണൂർ ബ്യൂറോ ചീഫുമായ സുജിത് ഭാസ്‌കർ പറഞ്ഞു. മറ്റൊരു ജീവിതതലം അറിയണമെങ്കിൽ വായന വേണം. ആധുനിക കാലത്ത് വായനയുടെ തലങ്ങൾ മാറിയതോടെ അറിവിലേക്കുള്ള സാധ്യതകളും വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഡി ഷൈനി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിഎൻ പണിക്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കാരയിൽ സുകുമാരൻ പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളിലെ വിജയികൾക്കും മികച്ച അക്കാദമിക് നേട്ടം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
പട്ടുവം ഗ്രാമപഞ്ചായത്ത് അംഗം എം. സുനിത, ഡെപ്യൂട്ടി കലക്ടർ (എൽഎ) എ.കെ. അനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, സമഗ്രശിക്ഷാ കേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഇ.സി വിനോദ്, വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.സി. സുധീർ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. വിനോദ് കുമാർ, തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. വന്ദന, ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫീസർ ഇൻ ചാർജ് കെ. ബിന്ദു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ, മാതൃഭൂമി സീനിയർ റിപ്പോർട്ടർ എ.കെ ശ്രീജിത്ത്, പട്ടുവം ഗവ. മോഡൽ റെസിഡൻഷ്യൽ എച്ച്എസ്എസ് പ്രിൻസിപ്പൽ ആർ.രേണുക ദേവി, പ്രധാനധ്യാപിക രേഖ കാക്കാടി, വിദ്യാർഥി പ്രതിനിധി ബി. സഞ്ജയ്, സ്റ്റാഫ് കൗൺസിൽ പ്രതിനിധി സി.പി പ്രതീഷ്, പിടിഎ പ്രസിഡന്റ് എം. രമേശൻ, മദർ പിടിഎ പ്രസിഡന്റ് സി. സരിത എന്നിവർ സംസാരിച്ചു. സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ട് അവതരിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ്, പിഎൻ പണിക്കർ ഫൌണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Comments