മുള ഫ്ലേക്സ്: പ്രകൃതിയുടെ പോഷകസമൃദ്ധമായ സമ്മാനവുമായി കെ.എഫ്.ആർ.ഐ.
കാടുകളിലെ അമൂല്യവിഭവമായ മുള ഇനി നിങ്ങളുടെ ഭക്ഷണമേശയിലും ഇടംപിടിക്കും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത മുളയുടെ കൂമ്പ് ഉപയോഗിച്ചുള്ള ഫ്ലേക്സും പൊടിയും ആരോഗ്യകരമായ ഭക്ഷണരീതികൾക്ക് പുതിയൊരു വഴി തുറക്കുകയാണ്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരമ്പരാഗത ഭക്ഷണമായി ഉപയോഗിക്കുന്ന മുളങ്കൂമ്പ്, ദക്ഷിണേന്ത്യയിൽ അത്ര പ്രചാരത്തിലില്ല. ഭക്ഷ്യവസ്തുവെന്ന നിലയിലെ മുളയുടെ പോഷകഗുണങ്ങൾ പരിചയപ്പെടുത്തുന്നതിനായാണ് കെ.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റായ ഡോ. ആർ. ജയരാജിന്റെ നേതൃത്വത്തിൽ മുളങ്കൂമ്പ് ഫ്ലേക്സും പൊടിയും വികസിപ്പിച്ചത്. വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ മുളങ്കൂമ്പ് ദഹനപ്രശ്നങ്ങളെ അകറ്റിനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
*നിർമ്മാണരീതിയും ഉപയോഗവും*
മുളങ്കൂമ്പ് ശേഖരിച്ച ശേഷം സംസ്കരിച്ച്, ഈർപ്പം പൂർണമായും മാറ്റിയെടുത്ത് പൊടിയും ഫ്ലേക്സും ആക്കി മാറ്റുന്നതിനുള്ള ശാസ്ത്രീയമായ രീതിയാണ് കെ.എഫ്.ആർ.ഐ വികസിപ്പിച്ചെടുത്തത്. ഈ പ്രക്രിയയിലൂടെ മുളയുടെ തനത് ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ നിലനിർത്താൻ സാധിക്കും. കൊഴുപ്പ് കുറവാണെന്നതും ഇവയുടെ സവിശേഷതയാണ്. ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും മുളങ്കൂമ്പ് കൊണ്ടുള്ള ഫ്ലേക്സും പൊടിയും സഹായിക്കും. ഇത് ഉപയോഗിച്ച് ബിസ്‌കറ്റുകൾ, ബ്രെഡുകൾ തുടങ്ങിയ വിവിധ ബേക്കറി ഉത്പന്നങ്ങൾ നിർമിക്കാനാകും. ഈ ഉത്പന്നങ്ങൾ വിപണിയിൽ വലിയ സാധ്യതകൾ തുറക്കുമെങ്കിലും, നിലവിൽ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനെക്കുറിച്ച് പൊതുസമൂഹത്തിന് വേണ്ടത്ര അവബോധമില്ലാത്തതാണ് ഒരു പ്രധാന വെല്ലുവിളി. കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ വിതരണം, ഉത്പാദനം വലിയ രീതിയിൽ നടത്താനുള്ള വാണിജ്യ പങ്കാളികളുടെ കുറവ് എന്നിവയും ഗവേഷകർ നേരിടുന്ന വെല്ലുവിളികളാണ്.
*കർഷകർക്ക് പുതിയ വരുമാനം*
മുള ഉത്പന്നങ്ങളുടെ വാണിജ്യവത്കരണം, മുള കർഷകർക്ക് പുതിയൊരു വരുമാനമാർഗം തുറക്കും. കേരളത്തിൽ മുള കൃഷിക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കാനും ഇതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ഈ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും അസംസ്കൃത വസ്തുക്കൾ നൽകുന്നതിനും വാണിജ്യവത്കരണത്തിനും താത്പര്യമുള്ളവരെ കണ്ടെത്താനായി ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്റ് എൻവയോൺമെന്റ് സംഘടിപ്പിക്കുന്ന റിസേർച്ച് ആന്റ് ഡെവലപ്മെന്റ് കോൺക്ലേവിലൂടെ സഹായകമാകും എന്നാണ് കെ.എഫ്.ആർ.ഐയിലെ ഗവേഷകരുടെ പ്രതീക്ഷ. മുളങ്കൂമ്പ് പൊടിയും ഫ്ലേക്സും ഉൾപ്പെടെ 15 ഗവേഷണങ്ങളാണ് കെ.എഫ്.ആർ.ഐ കോൺക്ലേവിൽ അവതരിപ്പിക്കുന്നത്.

Comments