ഒരു പുസ്തകം നാലാള്‍ പങ്കുവെച്ച കാലം, ബാല്യമോര്‍മിച്ച് ഐ.എ.എസ് ഓഫീസര്‍; കണ്ണൂര്‍ - ഖിദ്മ ഇന്‍സ്പയര്‍ നാലാം ബാച്ചിന് തുടക്കമായി.



കണ്ണൂർ സിറ്റി: കണ്ണൂര്‍ - ഖിദ്മ ഇന്‍സ്പയര്‍ നാലാം ബാച്ചിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ തന്റെ ബാല്യകാലം തുറന്നിട്ട് കൊല്ലം ജില്ലാ മുന്‍ കലക്ടറും ഇപ്പോള്‍ ഫിഷറീസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ബി. അബ്ദുല്‍നാസര്‍ ഐ.എ.എസ്. ഒരു പാഠപുസ്തകം നാലു പേര്‍ പങ്കിട്ടതും ഒരു പത്രം പല കുട്ടികള്‍ പകുത്തെടുത്തതുമായ അബ്ദുല്‍ നാസറിന്റെ കുട്ടിക്കാല സ്മരണകള്‍ നിറഞ്ഞ സദസ്സിന് പ്രചോദനം പകരുന്ന വാക്കുകളായി. ചേംബര്‍ ഹാളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിന് ഖിദ്മ ഇന്‍സ്പയര്‍ കണ്‍വീനര്‍ കെ.എം സാബിറ ടീച്ചര്‍ നേതൃത്വം നല്‍കി. അനാഥാലയത്തില്‍ വളര്‍ന്നത് തനിക്ക് പ്രയാസമായിരുന്നില്ല. ഭക്ഷണവും വസ്ത്രവുമൊക്കെ ലഭിച്ചിരുന്നു. മാതാവിനായിരുന്നു അത് വലിയ ദുഃഖം സൃഷ്ടിച്ചിരുന്നത്. അതായിരുന്നു എന്റെ പ്രയാസം. അന്നത്തെ അധ്യാപകര്‍ വീട്ടില്‍ അടുപ്പ് പുകഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ വരുമായിരുന്നു. വീട്ടിലെ എല്ലാ അവസ്ഥയും അധ്യാപകര്‍ മനസ്സിലാക്കിയിരുന്നു. ഞങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ അവരൊക്കെ ശ്രമിച്ചിരുന്നു. മുന്‍ കലക്ടര്‍ അമിതാഭ് കാന്തിനെ കണ്ടപ്പോഴാണ് അദ്ദേഹത്തെപ്പോലൊരു ഓഫീസറാവണമെന്ന ആഗ്രഹം ജനിച്ചത്. അന്ന് ഐ.എ.എസ് എന്താണെന്നു പോലും അറിയുമായിരുന്നില്ല. അക്കാലത്ത് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഒഴിവു വേളകളില്‍ കോഴിക്കോട് സിജി ഓഫീസില്‍ പോയിരിക്കുമായിരുന്നു. അവിടത്തെ ചിലരാണ് ഔദ്യോഗിക ജീവിതത്തിലേക്ക് വഴി കാണിച്ചത്. എസ്.എസ്.എല്‍.സി 50 ശതമാനം മാര്‍ക്ക് വാങ്ങിയും ഡിഗ്രി തേഡ് ക്ലാസിലും ജയിച്ച ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു ഞാന്‍. കല്യാണം കഴിക്കുകയും പിതാവാകുകയുമൊക്കെ ചെയ്ത ശേഷമാണ് സ്വപ്‌നങ്ങള്‍ക്ക് വ്യക്തത വന്നത്. അലിഗഢിലും ദല്‍ഹിയിലുമൊക്കെ പോയത്. രണ്ട് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം എടുത്തത്. സിവില്‍ സര്‍വീസിന് ഒരുങ്ങിയത്. പഠനവും അധ്യാപനവുമാണ് ഇന്നും ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോഴും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. കുട്ടികളുമായി സംവദിക്കുന്നതാണ് ഏറ്റവും ഇഷ്ടം. താഴ്ന്ന തലം മുതല്‍ ജോലി ചെയ്യുകയും അതൊക്കെ ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കൊല്ലം ജില്ലാ കലക്ടറായ കാലം വലിയ സന്തോഷം പകരുന്നുവെന്ന് അദ്ദേഹം വിവരിച്ചു. 1994ല്‍ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിച്ച കാലത്തു തന്നെ ഓരോ ദിവസവും ജോലി ബാക്കി വെക്കാതെ പോവുക എന്നതായിരുന്നു വാശി. കുട്ടികളിലെ ഏറ്റവും മികച്ചത് പുറത്തു കൊണ്ടുവരുന്നതാവണം വിദ്യാഭ്യാസമെന്നും രക്ഷിതാക്കളുടെ സ്വപ്‌നങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ഉപകരണമാവരുത് വിദ്യാര്‍ഥികളെന്നും അബ്ദുല്‍നാസര്‍ ഐ.എ.എസ് ഓര്‍മിപ്പിച്ചു. സിലബസ് ഒരു അടിത്തറ മാത്രമാണ്. അതിന് പുറത്തുള്ളതാവണം വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ അമ്പത് വിദ്യാര്‍ഥികള്‍ക്കാണ് ഖിദ്മ ഇന്‍സ്പയറിന്റെ വ്യക്തിത്വ വികസന പദ്ധതിയായ നാലാം ബാച്ചില്‍ പ്രവേശനം ലഭിച്ചത്. ഐസ്‌ബ്രെയ്ക്കിംഗ് സെഷന് ബി.ആര്‍.സി ട്രയ്‌നറായ ഉനൈസ് മാസ്റ്റര്‍ നേതൃത്വം നല്‍കി. ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി. സലീം, നൗഷാദ് പൂതപ്പാറ, നാലാം ബാച്ച് കോഓഡിനേറ്റര്‍ ഹാജറ ടീച്ചര്‍, ഡി.ഐ.എസ്.ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ടി.പി മഅറൂഫ് മാസ്റ്റര്‍, അശ്‌റഫ് മാസ്റ്റര്‍, ശിഫ നൗറീന്‍, ഫില്‍സ ഫാത്തിമ, ജാഫര്‍ ഒ.കെ, ശബ്‌ന, മുഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിശിഷ്ടാതിഥിക്കുള്ള മെമന്റൊ ഹാരിസ് കാടാങ്കണ്ടിയും ബി.പി ആശിഖും കൈമാറി. കലാപരിപാടികള്‍ക്ക് മെന്റര്‍മാരായ ഷജീന ഫൈസല്‍, ഷഹന സിറാജ്, ഷമീന ബി.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.