കണ്ണൂർ കോർപ്പറേഷൻ കേരളോത്സവത്തിന് തുടക്കമായി.
കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ ഈ വർഷത്തെ കേരളോത്സവം മരക്കാർകണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തോടെ ആരംഭിച്ചു. കേരളോത്സവം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ കലാ കായിക ഉന്നമനത്തിന് കേരളോത്സവം പോലുള്ള പരിപാടികൾ ഏറെ സഹായകരമാണെന്ന് മേയർ പറഞ്ഞു. ഇത്തരം പരിപാടികൾ വഴിപാട് ആകാതെ കൂടുതൽ പ്രായോഗികവും ഉപകാരപ്രദവുമായി നടത്താനുള്ള സഹായസഹകരണങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാവണമെന്നും മേയർ പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, വി കെ ശ്രീലത, സുരേഷ് ബാബു എളയാവൂർ, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ കെ എം സാബിറ, പ്രകാശൻ പയ്യനാടൻ, ആസിമ സി എച്ച് തുടങ്ങിയവർ സംസാരിച്ചു. കലാ കായിക മത്സരങ്ങൾ കോർപ്പറേഷൻ വിവിധ സ്ഥലങ്ങളിൽ അരങ്ങേറും. കേരളോത്സവം ഈ മാസം 25ന് സമാപിക്കും.


Comments