പ്രാദേശിക വികസനത്തിന്റെ വെളിച്ചം പരത്തുന്ന കേന്ദ്രങ്ങളാണ് അങ്കണവാടികൾ: മന്ത്രി ആർ. ബിന്ദു. Newsofkeralam
പ്രദേശത്ത് വികസനത്തിന്റെ വെളിച്ചം പരത്തുന്ന കേന്ദ്രമാണ് ഓരോ അങ്കണവാടിയുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. അരണാട്ടുകര ഡിവിഷനിലെ നിർമ്മാണം പൂർത്തീകരിച്ച അങ്കണവാടിയുടെയും കുടുംബശ്രീ ഓഫീസ് കെട്ടിടത്തിന്റെയും സമർപ്പണം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും ക്ഷേമവും മുൻനിർത്തി പ്രവർത്തിക്കുന്നതിനോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ശിലാകേന്ദ്രമായി ഓരോ പ്രദേശത്തും അങ്കണവാടിടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മികച്ച അടിസ്ഥാന സൗകര്യം കൂടി അങ്കണവാടി കെട്ടിടങ്ങൾക്ക് വരുമ്പോൾ കുട്ടികളുടെ ആദ്യത്തെ സാമൂഹ്യവത്ക്കരണ പ്രവർത്തനത്തിലേക്ക് ആധുനിക സൗകര്യം കൂടി ഒരുക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം എൽ റോസി വിശിഷ്ടാതിഥിയായി.
ഡിവിഷൻ കൗൺസിലർ അനൂപ് ഡേവിസ് കാഡ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സാറമ്മ റോസൻ, ഐ സി ഡി എസ് സൂപ്പർവൈസർ സിബി നോബിൾ, കുടുംബശ്രീ സി.ഡി.എസ് സൂപ്പർവൈസർ ഗീത രാധാകൃഷ്ണൻ, അങ്കണവാടി ടീച്ചർ കെ. വി. ലീല, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Comments