ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. Newsofkeralam
കണ്ണൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തിക്കൊണ്ട് വന്ന 11055 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. കാലിത്തീറ്റ ചാക്കുകൾക്ക് അടിയിലായി ഒളിപ്പിച്ച നിലയിൽ 335 കന്നാസുകളിലായി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചത്. വണ്ടിയിൽ ഉണ്ടായിരുന്ന കർണാടക സ്വദേശിയായ ഡ്രൈവർ ശിവാനന്ദ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം ഭാഗത്തേക്ക് എത്തിക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു.എക്സൈസ് ഇൻ്റലിജൻസ് ഉത്തര മേഖല അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. പരിശോധനയിൽ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീം, നീലേശ്വരം, പയ്യന്നൂർ തളിപ്പറമ്പ്, ആലക്കോട്, പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സതീഷ് കുമാർ സംഭവസ്ഥലത്തെത്തി ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Comments