സിപിഎമ്മിന് മേധാവിത്വമുള്ള കണ്ണൂർ ജില്ലയിലെ പല പ്രദേശങ്ങളിലും വ്യാപകമായ കള്ളവോട്ടും അക്രമവും നടത്തിയതായി ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്. Newsofkeralam
കണ്ണൂർ : സിപിഎമ്മിന് മേധാവിത്വമുള്ള കണ്ണൂർ ജില്ലയിലെ പല പ്രദേശങ്ങളിലും വ്യാപകമായ കള്ളവോട്ടും അക്രമവും നടത്തിയതായി ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ആന്തൂർ നഗരസഭയടക്കം സിപിഎം ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിൽ നിന്നും രാവിലെ തന്നെ യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവമുണ്ടായി. മലപ്പട്ടം,കുറ്റിയാട്ടൂർ ,മാതമംഗലം ,വെള്ളോറ ,വെള്ളോറ ,മാലൂർ ,പയ്യന്നൂർ എന്നീ പഞ്ചായത്തിലും സമാനമായ അക്രമങ്ങൾ അഴിച്ചു വിട്ടു. വനിതാ സ്ഥാനാർത്ഥികൾ പോലും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ബൂത്തിനകത്ത് വെച്ച് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് സിപിഎം പ്രവർത്തകർ അക്രമം നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം ഗൗരവത്തോടെ കാണേണ്ടതാണ്. സി പി എമ്മിൻ്റെ ജനാധിപത്യ ധ്വംസനങ്ങൾക്കു കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പരാജയഭീതിയിലാണ് സിപിഎം നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായി കള്ളവോട്ട് ചെയ്തതെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു ജനാധിപത്യത്തിൻ്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് തുടക്കം മുതൽ സിപിഎം സ്വീകരിച്ചത്. സിപിഎമ്മിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ പോലും ജനാധിപത്യപരമായ പോരാട്ടത്തെ അവർ ഭയക്കുകയാണ്. അതിനുദാഹരണമാണ് ആന്തൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിപ്പിച്ച സംഭവം. എല്ലാ കാലങ്ങളിലും കണ്ണൂർ ജില്ലയിൽ സിപിഎം തുടർന്ന് വരുന്ന തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ ആവർത്തനമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിനത്തിലും കണ്ടത്. സിപിഎം ക്രിമിനലുകളുടെ ഭീഷണിക്കും അതിക്രമങ്ങൾക്കുമിടയിലും നിർഭയം സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാരെയും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് അഭിവാദ്യം ചെയ്തു.


Comments