ഏജന്റ് മുഖേന കൈക്കൂലി വാങ്ങിയ ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, ലൈസൻസ് നൽകിയതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് വേണ്ടി കൈക്കൂലി വാങ്ങിയ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും വിജിലൻസ് പിടിയിൽ.
ഏജന്റ് മുഖേന കൈക്കൂലി വാങ്ങിയ ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, ലൈസൻസ് നൽകിയതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് വേണ്ടി കൈക്കൂലി വാങ്ങിയ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും വിജിലൻസ് പിടിയിൽ. പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിംഗ് സ്കൂളിൽ പഠിച്ച ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്ക് ലൈസൻസ് നൽകുന്നതിന് ഏജന്റ് മുഖേന 2,500/- രൂപ കൈക്കൂലി വാങ്ങിയ ചേർത്തല ജോയിന്റ് ആർ.റ്റി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും പത്തനംതിട്ട നെടുംമ്പ്രം സ്വദേശിയുമായ ബിജു.കെ.ജി യെയും ഏജന്റും തണ്ണീർമുക്കം സ്വദേശിയുമായ ജോസ്.പി യെയും, തിരൂർ നഗരസഭയിൽ പരാതിക്കാരൻ പുതുതായി ആരംഭിച്ച ആയുർവേദിക് വെൽനെസ്സ് സെന്ററിന് ലൈസൻസ് നൽകിയതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറിന് വേണ്ടി 10,000/- രൂപ കൈക്കൂലി വാങ്ങിയ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും തിരൂർ പയ്യനങ്ങാടി സ്വദേശിയുമായ ഷിഹാബുദ്ദീനെയും വിജിലൻസ് കൈയ്യോടെ പിടികൂടി.
തണ്ണീർമുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഉടമസ്ഥതയിൽ മുഹമ്മയിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിൽ പഠിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് ചേർത്തല ജോയിന്റ് ആർ.റ്റി ഓഫീസിന് കീഴിലുള്ള മുഹമ്മയിലെ ടെസ്റ്റ് ഗ്രൗണ്ടിലാണ്. ഈ ടെസ്റ്റ് ഗ്രൗണ്ടിൽ ഒരു ബാച്ചിന്റെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ചേർത്തല ജോയിന്റ് ആർ.റ്റി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ബിജു ഒരു ടൂ വീലർ ലൈസൻസിന് 300/- രൂപയും ഒരു ഫോർ വീലർ ലൈസൻസിന് 400/- രൂപയും വച്ച് പരാതിക്കാരനുൾപ്പെടെയുള്ള ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് നിർബ്ബന്ധിച്ച് ബിജു നിർദ്ദേശിക്കുന്ന ഏജന്റുമാർ മുഖേന വാങ്ങിച്ചിരുന്നു. കൈക്കൂലി തുക നൽകാത്ത ഡ്രൈവിംഗ് സ്കൂളുകളിൽ നിന്നും ടെസ്റ്റിനായി വരുന്ന അപേക്ഷകരെ മനപ്പൂർവ്വം തോൽപ്പിക്കുന്നത് കൊണ്ട് കൈക്കൂലി പണം നൽകാൻ മിക്ക ഡ്രൈവിംഗ് സ്കൂളുകളും നിർബ്ബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. 09.01.2026-ൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജു ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കിയ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിംഗ് സ്കൂളിലെ അഞ്ച് അപേക്ഷകരുടെ ഡ്രൈവിംഗ് ലൈസൻസിനുള്ള കൈക്കൂലി തുകയായ 2500/- രൂപ ബിജുവിന്റെ ഏജന്റായ ജോസിനെ ഏൽപ്പിക്കണമെന്ന് ബിജു നിർദ്ദേശിച്ചിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ താൽപ്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജുവിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരനിൽ നിന്നും ഏജന്റ് ജോസ് വാങ്ങിയ 2,500/- രൂപ കൈക്കൂലി പണം ബിജുവിന്റെ വീട്ടിലെത്തി വൈകുന്നേരം 05.50 മണിക്ക് ജോസ് ബിജുവിന് കൈമാറവെ ഏജന്റ് ജോസിനേയും ചേർത്തല ജോയിന്റ് ആർ.റ്റി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും പത്തനംതിട്ട നെടുംമ്പ്രം സ്വദേശിയുമായ ബിജുവിനേയും വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ബിജുവിന്റെ താൽക്കാലിക താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 11,000/- രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു.
തിരൂർ കന്മനം സ്വദേശിയായ പരാതിക്കാരൻ പുതുതായി തിരൂർ നഗരസഭയിൽ ആരംഭിച്ച ആയുർവേദിക് വെൽനെസ്സ് സെന്ററിന് ലൈസൻസ് നൽകുന്നതിന് മൂന്ന് മാസം മുൻപ് തിരൂർ നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് അപേക്ഷയെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി തിരൂർ നഗരസഭയിലെത്തിയ പരാതിക്കാരനിൽ നിന്നും താൽക്കാലിക വാച്ച്മാനായ ഷിഹാബുദ്ദീൻ 2,000/- രൂപ പേപ്പർ വർക്കിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിച്ചെടുത്തിരുന്നു. തുടർന്ന് ഷിഹാബുദ്ദീനും ഹെൽത്ത് ഇൻസ്പെക്ടർ വിനോദും ആയുർവ്വേദിക് സെന്ററിൽ എത്തുകയും പരിശോധന നടത്തി തിരികെ പോകുകയും ചെയ്തിരുന്നു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് പരാതിക്കാരനെ ഫോണിൽ വിളിച്ച് നഗരസഭ ഓഫീസിന് സമീപമുള്ള വിനോദിന്റെ വാടക റൂമിൽ എത്താൻ പറയുകയും അവിടെ വച്ച് 3,000/- രൂപ വാങ്ങിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷം വീണ്ടും വിനോദ് ഫോണിൽ വിളിച്ച് പേപ്പർ വർക്കിനായി 1300/- രൂപ ആവശ്യപ്പെടുകയും വിനോദ് നിർദ്ദേശിച്ച പ്രകാരം വിനോദിന്റെ ഭാര്യയുടെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പരാതിക്കാരന് ലൈസൻസ് ലഭിച്ചുവെങ്കിലും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷും ഡ്രൈവറും കൂടി ആയുർവേദിക് വെൽനെസ്സ് സെന്ററിൽ എത്തി ലൈസൻസും മറ്റും പരിശോധിച്ച് തിരികെ പോയതിന് ശേഷം ഫോണിൽ വിളിച്ച് നഗരസഭ ഓഫീസിൽ ചെല്ലാൻ പറയുകയും ചെയ്തു. ഓഫീസിലെത്തിയ പരാതിക്കാരനോട് ലൈസൻസ് ലഭിക്കുന്നതിന് ഞാനും സഹായിച്ചിട്ടുണ്ടെന്നും ആയതിന് 10,000/- രൂപ കൈക്കൂലി വേണമെന്നും നൽകിയില്ലെങ്കിൽ ലൈസൻസ് പുതുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നും കൈക്കൂലി തുക ഷിഹാബിനെ ഏൽപ്പിച്ചാൽ മതിയെന്നും പറയുകയുണ്ടായി. എന്നാൽ കൈക്കൂലി നൽകാൻ തയ്യാറല്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (30.01.2026) വൈകുന്നേരം 06.15 മണിക്ക് പയ്യനങ്ങാടി ജംഗ്ഷന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും 10,000/- രൂപ കൈക്കൂലി വാങ്ങിയ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും തിരൂർ പയ്യനങ്ങാടി സ്വദേശിയുമായ ഷിഹാബുദ്ദീനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയുമാണുണ്ടായത്.
Comments