വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളിൽ ജാഗ്രത വേണം: മന്ത്രി കേളു. Newsofkeralam
വർദ്ധിച്ച് വരുന്ന ജീവിത ശൈലി രോഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾ ബോധവാന്മാരാകണമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ എംഎൽഎ ആസ്‌തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഇമ്മ്യൂണൈസേഷൻ ബ്ലോക്ക്, ടോയ്‌ലറ്റ് സമുച്ചയം, ഗ്രാമപഞ്ചായത്ത് തുക വകയിരുത്തി ലബോറട്ടറിയിൽ സ്ഥാപിച്ച നൂതന ബയോകെമിസ്ട്രി അനലൈസർ, ജനറേറ്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രി സൗകര്യങ്ങൾ വർദ്ധിക്കുന്നതനുസരിച്ച് ജീവിതശൈലി രോഗങ്ങളും വർദ്ധിക്കുന്നു. മാറിയ ഭക്ഷണ രീതി മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റുകയാണെന്നും വ്യായമവും ഇലക്കറി ഭക്ഷണ രീതികളും ശീലമാക്കി വരാനിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ആൻസി മേരി ജേക്കബ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.


Comments