മായമില്ലാത്ത ഭൂമിയും ജലവും തിരിച്ചുപിടിക്കണം: മന്ത്രി കെ. എം. ഷാജി.

 


മായമില്ലാത്ത ഭൂമിയും ജലവും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അതിനായാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നതെന്നും  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി.  അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മണക്കാട് കാർത്തിക തിരുന്നാൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മാതൃകാ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പോളി എത്തിലീൻ ബാനറുകളും പ്രിൻ്റിങ് മെറ്റീരിയലുകളും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ശേഖരിച്ച്, ഹമാര പ്ലാസ്‌റ്റിക്‌സ് എന്ന റീസൈക്ലിങ് സ്ഥാപനത്തിന്റെ സഹകരണത്തോടെ പുനഃചംക്രമണം നടത്തി ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ള വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ പുനഃചംക്രമണം ചെയ്‌ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് സജ്ജമാക്കിയതാണ്  മണക്കാട് സ്കൂളിലെ മാതൃകാ പൂന്തോട്ടം. പരിസരവും വീടും നമ്മൾ ശ്വസിക്കുന്ന വായുവും നല്ലതാക്കി മാറ്റാൻ ലോകം മുഴുവൻ അധ്വാനിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ദിവസം ലോക പരിസ്ഥിതി ദിനമായി  തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. ദൈവം നമുക്കായി കരുതിവെച്ച വെള്ളത്തിലും  വായുവിലും ഇന്ന് മായം കലർന്നിരിക്കുകയാണ്.  പ്രകൃതിയെ സ്നേഹിക്കാൻ കുട്ടികൾ പഠിക്കണം. പണ്ട് നാട്ടിലെ അമ്പലങ്ങളും പള്ളികളും കുളങ്ങളും കാവുകളും ഏറ്റവും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരുന്നു നിലനിന്നിരുന്നത്. അവ നാടിന്റെ പ്രകൃതിയുടെ മൂർത്തഭാവങ്ങളായിരുന്നു. എന്നാൽ മനുഷ്യന്റെ ഭൗതികമായ പുരോഗതിക്കു പിന്നാലെ ഇവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം തിരിച്ചുപിടിക്കണമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമാണെങ്കിലും അത് പ്രായോഗികമാക്കുക പ്രയാസമാണ്. അതിന് രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും മാതൃക കാണിക്കണം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോസ്റ്ററോ ഫ്ലക്സോ അടിക്കാതെ, സൈക്കിളിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ ഈ ദിവസത്തിൽ ഓർക്കാവുന്ന ഒരു മാതൃകയാണ്. അദ്ദേഹം നൽകിയത് വലിയൊരു സന്ദേശമാണ്. ചെറിയ പഴുതാരയും ഉറുമ്പും തേനീച്ചയും വരെ ഈ പ്രകൃതിയിൽ നമുക്ക് ജീവിക്കാൻ വേണ്ടിയാണ് നിലകൊള്ളുന്നത്. പ്രകൃതിയെ മനോഹരമാക്കി നിലനിർത്താനുള്ള പ്രതിജ്ഞയാവണം ഈ പരിസ്ഥിതി ദിനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന പ്രവർത്തനത്തിൽ ഇന്ന് കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയായ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അവബോധം ശക്തമാക്കുക, മാലിന്യങ്ങളുടെ ശാസ്ത്രീയ പുനഃചംക്രമണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സംസ്ഥാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പോളി എത്തിലീൻ ബാനറുകളും പ്രിന്റിങ് മെറ്റീരിയലുകളും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ശേഖരിച്ചിരുന്നു. 'ഹമാര പ്ലാസ്റ്റിക്സ്' എന്ന റീസൈക്ലിങ് സ്ഥാപനത്തിന്റെ സഹകരണത്തോടെ ഇവ പുനഃചംക്രമണം ചെയ്ത് ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ള വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി. മാലിന്യങ്ങളെ വിഭവങ്ങളാക്കി മാറ്റുന്ന സർക്കുലർ ഇക്കോണമിയുടെ പ്രായോഗിക മാതൃകയാണ് ഈ സംരംഭം. ഇത്തരത്തിൽ പുനഃചംക്രമണം ചെയ്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് മണക്കാട് സ്കൂളിൽ മാതൃകാ പൂന്തോട്ടം സജ്ജമാക്കിയത്. മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, പുനഃചംക്രമണത്തിന്റെ സാധ്യതകൾ, വിഭവ സംരക്ഷണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണ് ഇതുവഴി  പൊതുസമൂഹത്തിന് നൽകുന്നത്. ചടങ്ങിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. മേയർ വി. വി. രാജേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കെഎസ്ഡബ്ല്യൂഎംപി പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ, വാർഡ് കൗൺസിലർ ആർ. മിനി, മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം. സജി, പി.ടി.എ. പ്രസിഡന്റ് ഈദുൽ മുബാറക്ക് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മണക്കാട് ഗേൾസ് എച്.എസ്.എസ്  ഹെഡ് മാസ്റ്റർ ജോസ് പി. ജെ. നന്ദി രേഖപ്പെടുത്തി.




Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam