അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: തലശ്ശേരിയിൽ 5K റൺ സംഘടിപ്പിക്കുന്നു.
Newsofkeralam | a online news portal | June 2026
• അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. ന്യൂസ് ഓഫ് കേരളം.
കണ്ണൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിന്റെയും തലശ്ശേരി പോലീസ് സബ് ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിൽ "5K റൺ സീസൺ 2" എന്ന പേരിൽ റൺ സംഘടിപ്പിക്കും. 2026 ജൂൺ 26-ന് രാവിലെ 5.30-ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് ലഹരിവിരുദ്ധ റൺ നടക്കുക. കേരള പോലീസിന്റെ ലഹരിവിരുദ്ധ തീവ്രയജ്ഞ പരിപാടിയായ 'ഓപ്പറേഷൻ തൂഫാൻ - ദി നർക്കോ ഹണ്ട്' ക്യാമ്പയിന്റെ ഭാഗമായാണ് ഈ ശക്തമായ പോരാട്ടവും അവബോധ പരിപാടിയും ആസൂത്രണം ചെയ്തിരിക്കുന്നത്. 'ലഹരിയോട് നോ പറയുക, ജീവിതത്തോട് യെസ് പറയുക' എന്ന ശക്തമായ സന്ദേശം മുൻനിർത്തി നടത്തുന്ന ഈ കൂട്ടയോട്ടം ഇൻഡൽ മണിയുടെ സഹകരണത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദൻ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഫ്ലാഗ് ഓഫ് ചടങ്ങിൽ തലശ്ശേരി എം.എൽ.എ കാരായി രാജൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഐ.എ.എസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്, ഡി.എഫ്.ഒ എസ്. വൈശാഖ് ഐ.എഫ്.എസ്, മുൻ കേരളാ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ എന്നിവർ പങ്കെടുക്കും. ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളായി ഓട്ടം വിജയകരമായി പൂർത്തിയാക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രത്യേക മെഡലുകൾ സമ്മാനിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്ക് ജേഴ്സി നൽകുന്നതാണ്. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിക്കുന്ന ഈ റൺ മുനിസിപ്പൽ ഓഫീസ് പരിസരം, ഒ.വി റോഡ്, പുതിയ ബസ്റ്റാൻഡ് ക്ലോക്ക് ടവർ, എ.വി.കെ നായർ റോഡ്, സെയ്ദാർ പള്ളി, മട്ടാമ്പ്രം ജങ്ഷൻ, കടൽപ്പാലം എന്നിവ വഴി സഞ്ചരിച്ച് തിരികെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തന്നെ സമാപിക്കും. യുവതലമുറയെയും പൊതുജനങ്ങളെയും ലഹരിയുടെ വിപത്തുകൾക്കെതിരെ ഒന്നിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

Comments