സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു.

പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിലും ആഗോളതലത്തിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പണ്ഡിതന്‍, പ്രാസംഗികന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ വലിയ സംഭാവനകളാണ് നല്‍കിയത്. 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2003 മുതല്‍ 2006 വരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും, 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും മികവുറ്റ രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കൂടിയായിരുന്ന പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിരവധി ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുക്കുകയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

1945-ല്‍ മൂസ ഹാജിയുടെയും ബിയ്യാത്തു കുട്ടിയുടെയും മകനായാണ് ആലിക്കുട്ടി മുസ്ലിയാരുടെ ജനനം. പിതാമഹനായ ആലി ഹാജി, സൈതലവി മുസ്ലിയാര്‍ എന്നിവരില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, വിവിധ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയയില്‍ ഉന്നത പഠനത്തിനായി ചേരുകയായിരുന്നു.
ഭാഷകളില്‍ വലിയ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ഉമറലി ശിഹാബ് തങ്ങളില്‍ നിന്ന് ഇംഗ്ലീഷും കെ.പി. ഉസ്മാന്‍ സാഹിബില്‍ നിന്ന് ഉര്‍ദുവും അഭ്യസിച്ചു. ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കുമരംപൂത്തൂര്‍ കുഞ്ഞലവി മുസ്ലിയാര്‍ തുടങ്ങി പ്രമുഖരായ അനേകം പണ്ഡിതശ്രേഷ്ഠരുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അദ്ദേഹം. 1968-ലാണ് ജാമിഅ നൂരിയയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയത്.






Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.