മംഗളൂരു - ഉള്ളാൾ മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് തീരുമാനം പിൻവലിക്കണം കാസർകോട് ജില്ലാ വികസന സമിതി.

Newsofkeralam | a online news portal 



കാസർക്കോട് : ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു - ഉള്ളാൾ മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കാസർകോട് ജില്ലാ വികസന സമിതി ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഈ മേഖലയെ പാലക്കാട് ഡിവിഷനിൽത്തന്നെ നിലനിർത്തണമെന്ന് കളക്ടറേറ്റു കോൺഫറൻസ് ഹാളിൽ ചേർന്ന കാസർകോട് ജില്ലാ വികസന സമിതി യോഗത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് അവതരിപ്പിച്ച പ്രമേയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടു. എം എൽ എ മാരായ കല്ലട്ര മാഹിൻ കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം എന്നിവർ പ്രമേയത്തെ പിന്തുണച്ചു. 

2026 ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ വിഭജനം ഉത്തര മലബാറിലെ, പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ റെയിൽവേ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കും:

 നിലവിൽ ഒരൊറ്റ സോണിന് കീഴിലുള്ള യാത്രാ ഇടനാഴി രണ്ട് വ്യത്യസ്ത സോണുകളായി വിഭജിക്കപ്പെടുന്നത് കാസർകോട്ടേക്കും മലബാറിലേക്കുമുള്ള പുതിയ ട്രെയിൻ സർവീസുകൾ, സ്റ്റോപ്പുകൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ അനുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് എം എൽ എ ചൂണ്ടികാട്ടി.

 പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സായ പനമ്പൂർ (NMPA) പോർട്ട് അടക്കമുള്ള മംഗളൂരു മേഖല നഷ്ടപ്പെടുന്നതോടെ പ്രതിവർഷം 600 കോടിയിലധികം രൂപയുടെ വരുമാന നഷ്ടം പാലക്കാട് ഡിവിഷന് ഉണ്ടാകുകയും ഡിവിഷന്റെ സാമ്പത്തിക ഭദ്രതയും നിലനിൽപ്പും അപകടത്തിലാവുകയും ചെയ്യും.

 ട്രെയിൻ സർവീസുകളുടെ സമയ പുനഃക്രമീകരണം, എമർജൻസി ക്വാട്ട ടിക്കറ്റുകൾ എന്നിവയ്ക്കായി മലബാറിലെ യാത്രക്കാർ വിദൂരത്തുള്ള മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ടി വരുന്നത് ജനങ്ങളുടെ യാത്രാക്ലേശം ഇരട്ടിയാക്കും.

ഈ അനീതി നിറഞ്ഞ വിഭജനത്തിനെതിരെ പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുന്ന കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഇടപെടലുകൾക്ക് പ്രമേയത്തിലൂടെ ജില്ലാ വികസന സമിതി പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.

ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ അനിൽകുമാർ സ്വാഗതം പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ, കാസർകോട് മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രിയദർശിനി സൗജന്യ ബസ് യാത്രയിൽ യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് മംഗലാപുരത്ത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കു പോകുന്ന വിദ്യാർത്ഥിനികളുടെ യാത്രാക്ലേശം പരിഹരിക്കാൻ രാവിലെ കൂടുതൽ കെ എസ് ആർടിസി ബസ് അനുവദിക്കണമെന്ന് എ കെ എം അഷ്റഫ് എം എൽ എ പറഞ്ഞു. ആവശ്യമെങ്കിൽ ഇതിനായി എം എൽ എ ഫണ്ട് അനുവദിക്കുമെന്നും എം എൽ എ പറഞ്ഞു. പദ്ധതിയുടെ ഗുണഫലം വിദ്യാർത്ഥിനികൾക്ക് ലഭിക്കാൻ ജില്ലാ ഭരണ സംവിധാന അടിയന്തര ഇടപെടൽ നടത്തണമെന്നും എം എൽ എ പറഞ്ഞു

അനന്തപുരം വ്യവസായ പാർക്കിൽ ഓയിൽ റീസൈക്ലിംഗ് കമ്പനി ഉണ്ടാക്കുന്ന പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങൾക്കെതിരെ പുത്തിഗെ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ജനങ്ങൾ സമരത്തിലാണെന്നും മലിനീകരണ നിയന്ത്രണ നിയമങ്ങൾ കമ്പനി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എം എൽ എ പറഞ്ഞു

ദേശീയപാത 66ന്‍റെ ഭാഗമായ തലപ്പാടി മുതൽ ചെങ്കളവരെ യുള്ള റിച്ചിൽ പ്രധാനപാതയിലെ എൻട്രി എക്സിറ്റ് പോയിൻ്റുകൾ വ്യക്തമാക്കുന്ന സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിന് എം എൽ എ നിർദ്ദേശിച്ചു ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റി കൃതമായി പരിശോധിച്ച് ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ സഹായത്തിനായി സാധാരണക്കാരായ രോഗികൾ സമർപ്പിക്കുന്ന അപേക്ഷകളിലെ കാലതാമസം ഒഴിവാക്കണമെന്ന് എം എൽ എ പറഞ്ഞു നിലവിൽ 10000 രൂപ വരെയാണ് ജില്ലയിൽ നിന്ന് അനുവദിക്കുന്നതെന്നും അപേക്ഷകൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ബസ് വെയിറ്റിംഗ് ഷെഡുകൾ പൊളിച്ചുമാറ്റിയതിനെ തുടർന്ന് യാത്ര ക്ലേശം രൂക്ഷമായതിനാൽ പ്രധാന സ്ഥലങ്ങളിൽ ബസ് വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിക്കുന്നതിന് എംഎൽഎ നിർദേശിച്ചു.

 ഈ വിഷയത്തിൽ പുതിയ ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കുന്നതിന് ദേശീയപാത കടന്നുപോകുന്ന 16 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് 13 തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ദേശീയപാത അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ റിപ്പോർട്ട് ചെയ്തു.
 

കാസർകോട് ഗവ. നഴ്സിംഗ് കോളേജ് വനിതാ ഹോസ്റ്റൽ നിർമ്മാണം ത്വരിതപ്പെടുത്തപ്പെടുത്തണമെന്ന് കല്ലട്ര മാഹിൻ എംഎൽഎ പറഞ്ഞു.നഴ്സിംഗ് കോളേജിനുള്ള എആർ ഡ്രോയിങ് ലഭ്യമായിട്ടുണ്ടെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു ഇത് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിച്ചിട്ടുണ്ട്. താൽക്കാലികമായി ചെർക്കള യിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

കാസർകോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അണങ്കൂർ മുതൽ പുതിയ ബസ്സ്റ്റാൻ്റ് വരെ വൺവേ സംവിധാനം ഒരുക്കണമെന്ന് എം എൽ എ പറഞ്ഞു ഇതുസംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് ജില്ല റോഡ് സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുന്നതിനും അതോറിറ്റിയുടെയോഗം അടുത്തമാസം ആദ്യം വിളിച്ചു ചേർക്കുന്നതിനും ജില്ലാകളക്ടർ നിർദ്ദേശം നൽകി.കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി അനിവാര്യമാണെന്ന് എംഎൽഎ പറഞ്ഞു ദേശീയപാതയിലൂടെ പോകേണ്ട വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്ന് എം എൽ എ പറഞ്ഞു. നഗരത്തിലെ റോഡ് വീതി കൂട്ടുന്നതിന് ബന്ധപ്പെട്ട സ്ഥലം വിട്ടു നൽകേണ്ട വ്യക്തികളെയും ട്രാഫിക് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ആവശ്യമായ ചർച്ചകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് കാസർകോട് മുൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തു.

കല്ലക്കട്ട - ചെർക്കള റോഡ് പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇതിനുള്ള സാങ്കേതിക അനുവദിക്കുവേണ്ടി കാത്തിരിക്കുകയാണെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെർക്കള ടൗണിലെ വെള്ളക്കെട്ട്, മണ്ണിടിച്ചിൽ എന്നിവ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചത് സംബന്ധിച്ചു പരിശോധിക്കുന്നതിനും ബേവിഞ്ച യിലെ അലൈൻമെന്റ് മാറ്റം, ഡ്രൈനേജ് , സർവീസ് റോഡ് എന്നിവ ചർച്ച ചെയ്യുന്നതിനും എം എൽ എ യുടെ ആവശ്യം പരിഗണിച്ച് വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു . കാസർകോട് ആർഡിഒ നേതൃത്വം നൽകാൻ കളക്ടർ നിർദ്ദേശം നൽകി.

കാസർകോട് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ രണ്ട് തസ്തികകളിൽ ഒരു ഡോക്ടർ മാത്രമാണ് ഉള്ളതെന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അവധിയിലുണ്ടായിരുന്ന കാർഡിയോളജിസ്റ്റ് ഓഗസ്റ്റ് അഞ്ചിന് ജോലിയിൽ പുനപ്രവേശിച്ചിട്ടുണ്ടെന്നും കാസർകോട് നിയോജകമണ്ഡലത്തിലെ ജനറൽ ആശുപത്രിയിൽ ഉൾപ്പെടെയുള്ള 8 ആരോഗ്യ സ്ഥാപനങ്ങളിൽ 72 ഡോക്ടർമാരുടെ തസ്തികകളിൽ 28 ഒഴിവുകൾ നിലവിലുണ്ടെന്നും ഒഴിവുകൾ യഥാസമയം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും ഡോക്ടർമാരുടെ താൽക്കാലിക നിയമനത്തിനായി എല്ലാ തിങ്കളാഴ്ചയും ജില്ലാ മെഡിക്കൽ ഓഫീസില്‍ അഭിമുഖം നടത്തിവരുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു.

കാസർകോട് നിയോജകമണ്ഡലത്തിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ റിപ്പോർട്ട് ചെയ്തു.

മലയോര ഹൈവേയിൽ എടപ്പറമ്പ് കോളിച്ചാൽ റീച്ചിൽ വനഭൂമിക്ക് പകരം ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളുടെ പുരോഗതി സംബന്ധിച്ച് കെ നീലകണ്ഠൻ എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് പരിവേഷ് പോർട്ടൽ അപേക്ഷിച്ചിട്ടുണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ച സംശയങ്ങൾ പരിഹരിക്കുന്നതിന് വനം, റവന്യൂ, സർവ്വെ , കെ ആർ എഫ്ബി ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുന്നതിന് ജില്ലാകളക്ടർ നിർദ്ദേശം നൽകി. ചൊട്ടപാലത്തിന്‍റെ വനമേഖലയിലെ പാർശ്വ റോഡ് വീതി കൂട്ടുന്നതിന് നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചു.

കുറ്റിക്കോൽ സബ്സ്റ്റേഷൻ നിർമ്മാണം പൂർത്തിയായതായി കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു സബ്‌സ്റ്റേഷൻ വിജയകരമായി ചാർജ് ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും സർക്കാരിന്റെ അനുമതിയോടെ ഉദ്ഘാടനം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ബേഡഡുക്ക പഞ്ചായത്തിലെ സാവിത്രി ഭായ് ഫുലേ ഗവൺമെൻറ് ആശ്രമം സ്കൂളിലെ ക്ലാസ് മുറികൾ പുതിയ കെട്ടിടത്തിലേക്ക് ഓണാവധി കാലത്തിനുശേഷം മാറ്റുമെന്ന് പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു. എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പട്ടികവർഗ്ഗ വികസന ഓഫീസർ.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊയിനാച്ചി, പെരിയ പെരിയാട്ടടുക്കം ചട്ടഞ്ചാൽ, ബേവിഞ്ച എന്നിവിടങ്ങളിൽ നിലവിലുള്ള ശോചനീയമായ അവസ്ഥ പരിഹരിക്കണമെന്ന് എംഎൽഎ പറഞ്ഞു . ദേശീയപാത നിർമ്മാണത്തിൽ സർവീസ് റോഡിലെ പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണെന്നും ഡിസംബറോടെ പൂർണ്ണമായും പരിഹരിക്കുമെന്നും ദേശീയപതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടറുടെ പ്രതിനിധി അറിയിച്ചു.

ബേക്കൽ മേൽപ്പാലം റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എംഎൽഎ പറഞ്ഞു. ഓണത്തിനുശേഷം പാലം 40 ദിവസം അടച്ചിട്ട് പ്രവർത്തി നടത്തുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു.
ബേഡഡുക്ക കുടുംബാരോഗ്യ കേന്ദ്രത്തിന് കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ റാമ്പ് സൗകര്യം ഉൾപ്പെടുത്തുന്നതിനായി എംഎൽഎ നിർദ്ദേശിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സമർപ്പിച്ച അപേക്ഷയിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചതിനാൽ റാമ്പ് സൗകര്യം ഉൾപ്പെടുത്തുവാൻ സാധിക്കാത്ത സാഹചര്യമാണെന്നും നിലവിലുള്ള ലിഫ്റ്റിനു പുറമേ ഒരു ലിഫ്റ്റ് കൂടി ഭാവിയിൽ നിർമ്മിക്കുന്നതിനുള്ള പ്രൊവിഷൻ കൂടി ഉൾപ്പെടുത്തി പ്ലാനിൽ മാറ്റം വരുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് അറിയിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം റിപ്പോർട്ട് ചെയ്തു.

മുളിയാർ എബിസി സെൻററുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് ജില്ലയിൽ പുതിയ എബിസി സെൻറർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ എംഎൽഎ നിർദേശിച്ചു ജില്ലയിൽ എ ബി സി സെൻറർ സ്ഥാപിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്ഥലം ലഭ്യമല്ലെന്ന് തദ്ദേശഭരണ വകുപ്പ് ജോയിൻ ഡയറക്ടർ റിപ്പോർട്ട് ചെയ്തു. എന്നാൽ എബിസി സെൻ്റർ ആരംഭിക്കാ ജനവാസ മേഖലയിൽ അല്ലാതെ റവന്യു ഭൂമി അടക്കം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ കലക്ടർ നിർദേശം നൽകി.



കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് കെ എസ് ആർ ടി സി ടൗൺ ടു ടൗൺ ബസുകൾക്ക് ഫെയർസ്റ്റേജ് അനുവദിക്കണമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ പറഞ്ഞു നിലവിൽ നീലേശ്വരത്തേക്കുള്ള ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് അനീതിയാണെന്ന് എം എൽ എ പറഞ്ഞു ആർ ടി എ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തി തീരുമാനമെടുക്കാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകി.

കാഞ്ഞങ്ങാട് നിന്ന് കാസർഗോഡേയ്ക്ക് രാവിലെ എട്ടുമണിക്ക് മുമ്പ് സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കെഎസ്ആർടിസി സർവീസുകൾ ആവശ്യപ്പെടുന്ന എല്ലാ സ്റ്റോപ്പുകളിലും നിർത്തണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. തൊഴിലാളിപൊയിനാച്ചി വരെയുള്ള പ്രദേശങ്ങളിൽ ഇത് അനിവാര്യമാണ്.വൈകുന്നേരം ഏഴുമണിക്ക് ശേഷവും ദേശീയപാതയിലൂടെ സ്വകാര്യ ബസുകൾ കുറവാണ്. അതിനാൽ കെഎസ്ആർടിസി ബസുകൾ ആവശ്യപ്പെടുന്ന എല്ലാ സ്റ്റോപ്പുകളിലും രാത്രി ഏഴിനു ശേഷം നിർത്തണമെന്നും എം എൽ എ പറഞ്ഞു

 

 

കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാനപാതയിലെ പ്രവർത്തിയുടെ പുരോഗതി സംബന്ധിച്ച് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉന്നയിച്ചു. കാഞ്ഞങ്ങാട് -കാസർകോട് സംസ്ഥാനപാതയിൽ ജനുവരി ,മെയ് മാസത്തിലുള്ള പ്രവർത്തന സമയത്ത് ബിറ്റുമിൻ ലഭ്യത കുറവുമൂലം കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമായ സ്ഥലത്ത് മാത്രമാണ് പ്രവർത്തി പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളതും അതിനോടനുബന്ധിച്ചുള്ള റോഡിലെ കുഴികൾ അടച്ച് കുറ്റപ്പണികൾ ചെയ്തിട്ടുണ്ടെന്നും ഈ മഴക്കാലത്ത് രൂപപ്പെട്ട കുഴികൾ മഴ നിലനിൽക്കുന്ന ഇടവേളയിൽ റിപ്പയർ ചെയ്ത് ഗതാഗതയോഗ്യമാക്കുമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു ഡ്രൈനേജ് നിർമ്മാണം, ഇൻറർലോക്ക് പ്രവർത്തി എന്നിവ കൂടി നടത്തിവരുന്നുണ്ടെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

 

പനത്തടി കള്ളാർ ബളാൽ ഗ്രാമപഞ്ചായത്തുകളിലെ വനമേഖലെയോട് ചേർന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിയും എസ്റ്റേറ്റും ഉൾപ്പെടെ കാട് കയറി വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനാൽ കാട് വെട്ടിതെളിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഭൂമിയുടെ ഉടമസ്ഥരെ കണ്ടെത്താൻ പഞ്ചായത്ത് റവന്യു വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും എം എൽ എ പറഞ്ഞു. മൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാട് വെട്ടിത്തെളിക്കുന്നതിന് വസ്തുവകകളുടെ ഉടമസ്ഥരെ കണ്ടെത്തണം ഉടമസ്ഥരോട് സ്വന്തം ചെലവിൽ കാടുവെട്ടി തെളിയിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്ത് നിർദ്ദേശം നൽകണമെന്നും ഇത് പാലിച്ചില്ലെങ്കിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ച് തുക ആവശ്യപ്പെടാവുന്നതാണ് അത് നൽകാത്തവർക്കെതിരെ റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകുകയും റവന്യൂ റിക്കവറിനടപടി സ്വീകരിക്കാവുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.കാഞ്ഞങ്ങാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മിന്നൽ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്ന് എംഎൽഎ പറഞ്ഞു ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മാവുങ്കാൽ മൂലക്കണ്ടം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഉള്ള ഓവുൽ കാഞ്ഞങ്ങാട് സൗത്ത് പടന്നക്കാട് മേൽപ്പാലം എന്നീ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ പറഞ്ഞു.സർവീസ് റോഡിന് അധിക ഭൂമി ആവശ്യമാണെന്ന് എന്നതിൽ പരിശോധന നടത്തുന്നതിന് ഡെപ്യൂട്ടി കലക്ടർ എൽഎ (എൻഎച്ച്) നിർദ്ദേശം നൽകി .കാഞ്ഞങ്ങാട് നഗരസഭ ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയിൽ പങ്കെടുക്കണമെന്നും നിർദ്ദേശിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.