Newsofkeralam | a online news portal

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി–ആർഎസ്എസ് നേതാവും അധ്യാപകനുമായ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും പ്രതിക്ക് ശിക്ഷ ലഭിക്കുകയും ചെയ്തതാണ്. അതിന് പിന്നിൽ നീതിക്കായി നടന്ന ശക്തമായ ജനകീയ സമരപോരാട്ടങ്ങളും നിരന്തരമായ ഇടപെടലുകളും ഉണ്ടായിരുന്നു. എസ്‌ഡിപിഐയും ഈ വിഷയത്തിൽ തുടക്കം മുതൽ ശക്തമായ ഇടപെടലാണ് നടത്തിയത്. എന്നാൽ ഭരണ മാറ്റത്തിന് പിന്നാലെ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചയും വിട്ടുവീഴ്ചയും സംബന്ധിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നതാണ്. ഇത്രയും പ്രമാദമായ ഒരു കേസിൽ പ്രോസിക്യൂഷൻ ഇത്തരത്തിൽ ലാഘവത്തോടെ സമീപിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കണം. സർക്കാർ ഇടപെടലില്ലാതെ പ്രോസിക്യൂഷന്റെ ഭാഗത്ത് ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചോ എന്നതും പരിശോധിക്കേണ്ടതാണ്. യുഡിഎഫ് സർക്കാരും ആർഎസ്എസും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ധാരണയുടെയോ ഒത്തുകളിയുടെയോ ഭാഗമായി കേസിൽ വിട്ടുവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരും വ്യക്തമായ വിശദീകരണം നൽകണം. പാലത്തായി കേസിൽ നീതി ഉറപ്പാക്കാൻ നടത്തിയ സമരപോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു നീക്കവും അംഗീകരിക്കാനാകില്ല. കേസിന്റെ തുടർനടപടികളിൽ ശക്തമായ പ്രോസിക്യൂഷൻ ഉറപ്പാക്കുകയും ഇരയായ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.
Comments