Newsofkeralam | a online news portal


കണ്ണൂർ : താഴെ ചൊവ്വയിലെ റെയിൽവേ മേൽപാല നിർമാണ സാധ്യത പരിശോധിക്കുന്നതിനായി സ്ഥല പരിശോധന നടത്തി. അഡ്വ. ടി ഒ മോഹനൻ എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ 50 വർഷക്കാലമായി നാട്ടുകാരുടെ ആവശ്യമാണ് ഇവിടെ റെയിൽവേ മേൽപാലം വേണം എന്നുള്ളത്.
ഭൂരിഭാഗം സമയവും ഗേറ്റ് അടഞ്ഞുകിടക്കുന്നത് കാരണം താഴെ ചൊവ്വ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
മേലെ ചൊവ്വ തെക്കി ബസാർ മേൽപ്പാലങ്ങൾ, നടാൽ റെയിൽവേ മേൽപാലം, ഒ കെ യു പി സ്കൂൾ അടിപ്പാത, മുണ്ടയാട് ജേണലിസ്റ്റ് കോളനി കിഴുത്തള്ളി സർവീസ് റോഡ് തുടങ്ങിയ വിഷയങ്ങൾ ചുണ്ടിക്കാട്ടി നഗരത്തിലെ ഗതാഗത ക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ടി.ഒ.മോഹനൻ എം എൽ എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നിരുന്നു. യോഗ തീരുമാനപ്രകാരം പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള മണ്ഡലത്തിലെ പ്രവൃത്തി പുരോഗതികൾ വിലയിരുത്തുന്നതിന് എത്തിച്ചേരുമെന്ന് അറിയിച്ചിടുണ്ട്. ഇതിന്റെ മുന്നോടിയായി വിശദമായ റിപോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സ്ഥല പരിശോധന നടത്തിയത്. പരിശോധയുടെ ഭാഗമായി വിശദമായ ഡിപിആർ തയ്യാറാക്കുമെന്ന് എംഎൽഎ അറിയിച്ചു. എംഎൽഎയെ കൂടാതെ കൗൺസിലർമാരായ കെ.പി.സീന, സുനില ഇ, മുൻ കൗൺസിലർ പി.കെ സാജേഷ് കുമാർ , പൊതു മരാമത്ത് റോഡ് സ് എക്സിക്യൂട്ടിവ് എഞ്ചിനിയർ പ്രശാന്ത്, അസിസ്റ്റന്റ് എഞ്ചിനിയർ മുഹമ്മദ് മുന്നാസ് , സി. വിനോദ്, സോമസുന്ദരൻ, എം.കെ വരുൺ മഹീന്ദ്രൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Comments