ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകർന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേർത്തു പിടിക്കാൻ ഒരു നാടാകെ ഒപ്പം ചേർന്നു
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന് ഒരാണ്ട് തികയുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും നാട്ടുകാരും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ- മത-സാമുഹിക നേതാക്കളും ഒത്തുകൂടി. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അടക്കം ചെയ്തിരിക്കുന്ന പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയിലായിരുന്നു പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ നിരവധിപ്പേര്‍ രാവിലെ മുതൽ പുത്തുമലയില ഓര്‍മകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിത്തുടങ്ങി. രാവിലെ 11.30ന് സംസ്ഥാന സര്‍ക്കാറിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. മരണപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പൊലീസ് സേനാംഗങ്ങൾ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സര്‍വമത പ്രാര്‍ത്ഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീന്‍ റഹ്മ...